തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ കൊവിഡ് ഭീതിയിലാണ്. രോഗം പടരാതിരിക്കാൻ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാൻ അധികൃതർ നിർദേശം നൽകുന്നുണ്ട്. പൂജപ്പുര ജയിലിൽ ഉൾപ്പെടെ മാസ്ക് നിർമിക്കുന്നുണ്ടെങ്കിലും, ചിലയിടങ്ങളിൽ ഇതിന് ക്ഷാമം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മാസ്ക് വീട്ടിലുണ്ടാക്കാമെന്ന് പരിചയപ്പെടുത്തുകയാണ് നടൻ ഇന്ദ്രൻസ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ, 'ഞാനിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലെ ടൈലറിംഗ് യൂണിറ്റിലാണ് ഉള്ളത്. സർക്കാർ സംവിധാനത്തിൽ ഇതുപോലെ ഒരുപാട് മാസ്‌ക് ഇവർ നിർമിച്ച് നൽകി. നമുക്ക് ആവശ്യമുള്ള മാസ്‌ക് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളു. കുറച്ച് തയ്യലറിയുന്ന ആർക്കും വീട്ടിലിരുന്നു നമുക്ക് ആവശ്യമായ മാസ്‌ക് എളുപ്പം നിർമിക്കാം. അതിനുള്ള മെറ്റീരിയൽവച്ച് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ കാണിക്കാം'