
ജനീവ : കൊവിഡ് -19 പിടിമുറുക്കുമ്പോൾ ലോകത്താകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്. ഒ ) അദ്ധ്യക്ഷൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് വെളിപ്പെടുത്തി.
ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സുമാർ. കൊവിഡ് 19 നെതിരായ യുദ്ധത്തിൽ മുന്നണി പോരാളികളാണ് അവർ. ലോകത്തിന്റെ ആരോഗ്യം നിലനിർത്താൻ അവർക്ക് നമ്മുടെ പിന്തുണ വേണം - ഗബ്രിയോസിസ് പറഞ്ഞു.
ലോകത്ത് ഇപ്പോഴുള്ളത് 2.8 കോടിയിൽ താഴെ മാത്രം നഴ്സുമാരാണ്. കഴിഞ്ഞ അഞ്ചുവർഷം 47 ലക്ഷം നഴ്സുമാരുടെ വർദ്ധന ഉണ്ടായെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അത് അപര്യാപ്തമാണ്. ലോകജനസംഖ്യയുടെ പകുതിയോളം പേരെ ചികിത്സിക്കാനേ അവർക്കാകൂ. അപ്പോഴും 59 ലക്ഷത്തോളം നഴ്സുമാരുടെ കുറവാണ് ലോകം നേരിടുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും പശ്ചിമേഷ്യയിലും നഴ്സുമാർക്ക് ഗണ്യമായ കുറവുണ്ട്. നഴ്സുമാരുടെ സേവനം കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായതിനാൽ നഴ്സിംഗ് മേഖലയിലും നഴ്സിംഗ് വിദ്യാഭ്യാസത്തിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ രാജ്യങ്ങൾ തയാറാകണമെന്നും ടെഡ്രോസ് അദാനം പറഞ്ഞു. ഡബ്ലിയു.എച്ച്.ഒയ്ക്കൊപ്പം ഇന്റർനാഷണൽ കൗൺസിൽ ഒഫ് നഴ്സസും, കൂടുതൽ നഴ്സുമാരുടെ ആവശ്യത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.