covid-

ന്യൂഡൽഹി : കൊവിഡ് 19 എന്ന പകർച്ചവ്യാധിയെ തുടർന്ന് ചൈനയിൽ അ‌‌ഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചു പൂട്ടി. 460000 സ്ഥാപനങ്ങളാണ് മാർച്ച് അവസാനത്തോടെ കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്ന വേഗതയും ചൈനയിൽ വലിയ രീതിയിൽ കുറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി വൈറസ് പൊട്ടിപുറപ്പെട്ട വുഹാൻ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാൻ ആന്താരാഷ്‌ട്ര വിമാന സർവീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും കൊവിഡ് രോഗം ചൈനയിലെ മെയിൻ ലാൻറിൽ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയെ നേരിടാൻ വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത്.

വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാൻ മാർച്ച് 30 ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തിൽ നിന്ന് 2.20 ശതമാനമായി കുറച്ചു, ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ് എന്നിവയും ചെെന നടപ്പാക്കി വരുന്നു.

അതേസമയം 1242 പേരാണ് ചെെനയിൽ കൊവിഡ് രോഗത്തെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 3331 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.