തൃശൂർ: ജർമ്മനിയിൽ അന്ന് കൊവിഡ് കാലമായിരുന്നില്ല, രാജയ്ക്കും നാദിയയ്ക്കും പ്രണയത്തിന്റെ വസന്തകാലമായിരുന്നു. ഒന്നിച്ചുള്ള ജീവിതത്തിന് ഒരുങ്ങുകയായിരുന്നു അവർ. അപ്പോൾ നാദിയക്കൊരു മോഹം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇരിങ്ങാലക്കുട കാട്ടൂരിലുള്ള, രാജയുടെ വീടൊന്നു കാണണം. അച്ഛനെയും അമ്മയെയും പരിചയപ്പെടണം. അങ്ങനെ രണ്ടുപേരും കഴിഞ്ഞ മാസം അഞ്ചിന് കാട്ടൂരെത്തി.
കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിലിന്റെയും രഞ്ജിനിയുടെയും മകനാണ് രാജ. അവരുടെ കാട്ടൂരിലെ വീട്ടിലാണ് കഥാനായിക എത്തിയത്. തുടർന്നുള്ള ദിനങ്ങളിൽ ലോകമെങ്ങും പടർന്നത് മഹാമാരി. രാജ്യങ്ങൾ അടച്ചിട്ടു. കഴിഞ്ഞ 29ന് തിരിച്ചുപോകാൻ ടിക്കറ്റെടുത്തിരുന്നു ഇരുവരും.
ഇനി എന്ന് തിരിച്ചുപോകാനാവും? എന്ന് വിവാഹം നടത്തും? ഒന്നുമറിയില്ല. അതിനിടെ കേരളത്തിലുള്ള ജർമ്മൻ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ എംബസി ചാർട്ടേർഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കിയിരുന്നു. നാദിയ പോയില്ല. എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞ് രാജയ്‌ക്കൊപ്പം പോയാൽ മതിയെന്നാണ് തീരുമാനം. ജർമ്മനിയേക്കാൾ ഇപ്പോൾ കേരളമാണ് കൂടുതൽ സുരക്ഷിതമെന്നു പറയുന്നു നാദിയ.
പ്രണയവഴി
നിയമ വിദ്യാർത്ഥിനിയാണ് നാദിയ. ജർമ്മനിയിൽ എൻജിനിയറാണ് രാജ. പഠനകാലത്താണ് ഇവരുടെ പ്രണയം മൊട്ടിട്ടത്.നാദിയയുടെ അച്‌ഛൻ അൾജീരിയക്കാരനാണ്. അമ്മ പോളണ്ടുകാരി. അവരും പ്രണയിച്ച് ഒന്നായി ജർമ്മനിയിൽ താമസിക്കുന്നവരാണ്. മകളുടെ ഇഷ്ടത്തെ അവരും അംഗീകരിച്ചു.