sandeep

കേരള രഞ്ജിതാരം സന്ദീപ് വാര്യരെ തമിഴ്നാട് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ

ഒൗദ്യോഗിക ക്ഷണമുണ്ടായില്ലെന്നും തീരുമാനമെടുത്തിട്ടില്ലെന്നും സന്ദീപ്

തിരുവനന്തപുരം : കേരളത്തിന്റെ പേസ് ബൗളിംഗ് കുന്തമുനയായ സന്ദീപ് വാര്യരെ അടുത്ത സീസൺ മുതൽ അതിഥിതാരമായി രഞ്ജി ട്രോഫിയിൽ കളിപ്പിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ കരാർ ഒപ്പിട്ടതായ റിപ്പോർട്ടുകൾ നിഷേധിച്ച് താരം.

സന്ദീപുമായി കുറച്ചു ദിവസങ്ങൾക്കു മുമ്പ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ ബന്ധപ്പെട്ടതായും തമിഴ്‌നാട് ടീമിനു വേണ്ടി കളിക്കാൻ താരം സമ്മതം മൂളിയെന്നും ഒരു ദേശീയ മാദ്ധ്യമമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ വാർത്ത നിഷേധിച്ച് സന്ദീപ് രംഗത്തെത്തി. ഒൗദ്യോഗികമായി ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.

ഇന്ത്യ സിമന്റ്സ് ജീവനക്കാരനായ സന്ദീപ് ഭാര്യയ്ക്കൊപ്പം ചെന്നൈയിലാണ് താമസം. ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം നടത്തിയിട്ടുമുണ്ട്. തമിഴ്നാട് ടീമിൽ നിരവധി സുഹൃത്തുകളുമുണ്ട്. ഇൗ സാഹചര്യത്തിലാണ് താൻ കേരളം വിടുന്നുവെന്ന അഭ്യൂഹം പരന്നതെന്ന് സന്ദീപ് പറയുന്നു.

മുൻനിര പേസർ ടി.നടരാജനോടൊപ്പം പുതിയ സീസണിൽ ഒരു സീനിയർ പേസറെക്കൂടി തമിഴ്‌നാട് നോട്ടമിടുന്നുണ്ട്. ഇതേ തുടർന്നാണ് അവർ സന്ദീപിനെ സമീപിച്ചത്. കഴിഞ്ഞ സീസണിൽ പരിക്കുകൾ തമിഴ്‌നാടിന്റെ ബൗളിംഗ് ആക്രമണത്തെ സാരമായി ബാധിച്ചിരുന്നു. ടി.നടരാജൻ, എം.മുഹമ്മദ്, കെ.വിഗ്നേഷ് എന്നിവർക്കെല്ലാം പരിക്ക് പണിനൽകിയിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഏറെ അനുഭവസമ്പത്തുള്ള സന്ദീപ് ടീമിലെത്തിയാൽ തങ്ങൾക്കു കരുത്താവുമെന്നാണ് തമിഴ്‌നാട് കരുതുന്നത്.

57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയിൽ 186 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 66 വിക്കറ്റുകളും 47ട്വന്റി-20 കളിൽ നിന്ന് 7.2 ഇക്കോണമി റേറ്റിൽ 46 വിക്കറ്റുകളും നേടി. ഈ വർഷമാദ്യം ഇന്ത്യൻ എ ടീം ന്യൂസിലാൻഡ് പര്യടനം നടത്തിയപ്പോൾ സന്ദീപ് സംഘത്തിലുണ്ടായിരുന്നു. നാലു മത്സരങ്ങളിൽ നിന്ന് ഏഴു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ളൂരിന് വേണ്ടി കളിച്ചിട്ടുള്ള സന്ദീപ് ഇപ്പോൾ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ്.

കഴിഞ്ഞ സീസണിൽ സന്ദീപിന് ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിലേക്ക് ക്ഷണം കിട്ടിയതിനാൽ രഞ്ജി ട്രോഫിയിലെ നിർണായക മത്സരങ്ങളിൽ കേരളത്തിനായി കളിക്കാൻ കഴിഞ്ഞിരുന്നില്ല. സഞ്ജു സാംസണിന്റെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി.

കേരളം വിടുന്നതായ വാർത്തകൾ ഉൗഹാപോഹങ്ങൾ മാത്രമാണ്. ജോലിയുടെ ഭാഗമായി ചെന്നൈയിലാണ് താമസിക്കുന്നത്. അതുകൊണ്ടാകും ഇങ്ങനെ വാർത്ത പരന്നത്. ഇക്കാര്യത്തിൽ എന്നെ ഒൗദ്യോഗികമായി ആരും സമീപിച്ചിട്ടില്ല. ഞാൻ ആരോടും സമ്മതം മൂളിയിട്ടുമില്ല

സന്ദീപ് വാര്യർ