covid-19

വാഷിംഗ്‌ടൺ ‌ഡി.സി: ലോകമാകെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുനിമിഷം വർദ്ധിക്കുന്നു. നിലവിൽ 80,000ത്തോളം പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 14 ലക്ഷത്തോടടുക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ശമനം കൈവന്നപ്പോഴും അമേരിക്കയിലെ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. ആറാഴ്ച കൊണ്ട് മരണം 11,000 കവിഞ്ഞു.

3,​67,​650 പേർ രോഗികളായി. ഇന്നലെ മാത്രം 1,182 പേർ കൂടി മരിച്ചു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ സാമൂഹിക അകലം കർശനമാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനം വർദ്ധിപ്പിക്കുന്നുണ്ട്.

ജപ്പാനിൽ അടിയന്തരാവസ്ഥ

രോഗബാധിതരുടെ എണ്ണം 3000 കവിഞ്ഞതോടെ ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ ഏറെ വൈകിയാണ് വൈറസ് വ്യാപിച്ചത്. രാജ്യത്ത് പലയിടങ്ങളിലും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. രാജ്യം 108.2 ലക്ഷം കോടി യെന്നിന്റെ ( 75 ലക്ഷം കോടി ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ആകെ 92 മരണം.

 സ്‌പെയിനിലും ഇറ്റലിയിലും പുതുതായി രോഗബാധയേറ്റവരുടെ എണ്ണത്തിൽ കുറവുണ്ട്. അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണിതെന്നാണ് വിലയിരുത്തൽ. സ്‌പെയിനിൽ ഒറ്റദിവസം മരണം 743. രോഗികളുടെ എണ്ണവും 4.8 ശതമാനം കുറഞ്ഞു. ഇറ്റലിയിൽ മരണസംഖ്യ 23 ശതമാനം കുറഞ്ഞു. ആകെ 16523 പേർ മരിച്ചു. ജർമ്മനിയിൽ പുതിയ കേസുകളും മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 1810പേർ മരിച്ചു

 ഫ്രാൻസിൽ 24 മണിക്കൂറിനിടെ 833 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിനിടെ ഇത്രയും പേർ മരിക്കുന്നത് ഇതാദ്യമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ച പ്രവചിച്ച് ഫ്രാൻസ്.

 ഇറാൻ ,തുർക്കി,ബെൽജിയം ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. മരണങ്ങളുടെ എണ്ണത്തിൽ ഇറാൻ ചൈനയെ മറികടന്നു. യു.എസിന്റെ കൊവിഡ് സഹായം വേണ്ടെന്ന് ഇറാൻ

 ജൂത അവധി ദിനമായ പാസോവറിനിടെ രോഗം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഇസ്രയേൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

 അമേരിക്കയിലെ 33 കോടി ജനങ്ങളിൽ 95 ശതമാനവും വീടിനുള്ളിൽ. ദേശീയ അടിയന്തരാവസ്ഥയ്ക്ക് പുറമേ 50 സംസ്ഥാനങ്ങളിൽ 42 എണ്ണവും ദുരന്തബാധിതമായി പ്രഖ്യാപിച്ചു.

ന്യൂയോർക്കിലെയും ലൊസാഞ്ചലസിലെയും നാവികസേനയുടെ രണ്ടു ആശുപത്രിക്കപ്പലുകളും ന്യൂയോർക്കിലെ പള്ളിയും ചികിത്സയ്ക്കു വിട്ടുകൊടുത്തു.

 യു.എസ് ആണവയുദ്ധക്കപ്പൽ യു.എസ്.എസ് തിയോഡർ റൂസ്‌വെൽറ്റിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയതിന് പുറത്താക്കിയ നാവികസേനാ ക്യാപ്ടൻ ബ്രെറ്റ് ക്രോസിയറിന് കൊവിഡ്.

 സിംഗപ്പൂരിൽ ഭാഗിക ലോക്‌ഡൗൺ. ഫിൻലാൻഡിൽ മേയ് 13 വരെ അതിർത്തി നിയന്ത്രണം.

 ദുബായിൽ വാണിജ്യ പ്രവർത്തനങ്ങളുടെ അടച്ചുപൂട്ടൽ 18 വരെ നീട്ടി.

 വ്യാഴാഴ്ച കൊവിഡിനെക്കുറിച്ചുള്ള ആദ്യ ചർച്ചയ്ക്കായി യു.എൻ രക്ഷാ സമിതി ചേരും.