വെല്ലിംഗ്ടൺ : ലോക്‌ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ന്യൂസിലാൻഡ് ആരോഗ്യമന്ത്രി ബീച്ചിലേക്ക് കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയത് വിവാദമായി. ബാലിശമായ പ്രവർത്തിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ന്യൂസിലൻഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാർക്ക് രാജി സന്നദ്ധത പ്രകടിപ്പിച്ചു. ' ആരോഗ്യമന്ത്രിയുടെ പദവിയിലിരിക്കെ മറ്റുള്ളവർക്ക് മാതൃകയാകേണ്ട ഞാൻ തന്നെ അത് ലംഘിച്ചു. ഞാനൊരു വിഡ്ഢിയാണ്.' - ഡേവിഡ് പറഞ്ഞു.

ആരോഗ്യമന്ത്രി ചെയ്ത തെറ്റിന് ന്യായീകരണമില്ലെന്നും എന്നാൽ ഈ ഒരു സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ നടപടികളിൽ അദ്ദേഹത്തെ ആവശ്യമുള്ളതിനാൽ തത്‌സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെന്നും പകരം ധനകാര്യ സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ അറിയിച്ചു.