spe

ലോകം വേദനിക്കുമ്പോൾ കൊവിഡിന്റെ ഒഴിവുകാലം ആസ്വദിക്കുന്നത് എങ്ങനെ?​ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ അമരക്കാരനായ വിഷ്‌ണുഭക്തന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നത് കൊവിഡ് വാർത്തകളിലെ ദുരിതചിത്രങ്ങൾ. കണ്ടു പരിചയിച്ച ലോകനഗരങ്ങൾ വൈറസ് ഭീതിയിലമരുന്നത് കാണുമ്പോൾ നെഞ്ചു പൊള്ളുന്നു.

..................

മായ്‌ക്കാൻ ശ്രമിക്കുന്തോറും തെളിച്ചം കൂടുന്ന കണ്ണാടിയിലെ നിഴൽച്ചിത്രം പോലെ,​ വിഷ്‌ണുഭക്തന്റെ മനസ്സിൽ കൊവിഡ് വാർത്തകളിലെ ദുരന്ത ചിത്രങ്ങൾ! ഒന്നു പെയ്‌തൊഴിയും മുമ്പേ ചിന്തകൾക്കു മീതെ ആശങ്കയുടെ അടുത്ത കാർമേഘം വന്നു നിറയും. ഒരിക്കൽ കണ്ടറിഞ്ഞ രാജ്യങ്ങൾ,​ ബിസിനസ് ടൂറുകൾക്കിടെ ഉള്ളംകൈ പോലെ പരിചിതമായ ഇന്ത്യൻ നഗരങ്ങൾ,​ സ്വന്തം നാട്... എല്ലാം നിശ്ചലം. പഴയ വഴിയേ ലോകം ഒഴുകിത്തുടങ്ങാൻ എത്ര കാലം വേണ്ടിവരും?​ വിചാരിക്കാതെ കയറിവന്ന ഒഴിവുകാലം മനസ്സു നിറഞ്ഞ് ആസ്വദിക്കാനാകുന്നില്ല,​ കേരളത്തിൽ മാർബിൾ,​ ഗ്രാനൈറ്റ് വിപണന മേഖലയിലെ പ്രമുഖ ബ്രാൻഡ് ആയ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ അമരക്കാരൻ വിഷ്‌ണുഭക്തന്.

ഒരുപാട് യാത്രകൾ പതിവുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി മിക്കവാറും യാത്ര ഇന്ത്യയ്‌ക്കകത്താണ്. രാജസ്ഥാൻ,​ ഡൽഹി,​ മുംബയ്,​ ഗുജറാത്ത്... ഇടയ്‌ക്ക് വിദേശയാത്ര. അപ്പോൾ ഭാര്യ ബീനയും ഒപ്പമുണ്ടാകും. കൊവിഡ് ലോക്ക് ‌ഡൗൺ വന്നപ്പോൾ ദിനചര്യയിലേക്ക് പുതുതായി വന്ന സംഭവം യോഗ ആണ്. പരിശീലക ഭാര്യ തന്നെ! നേരത്തെ ബീന തനിച്ചായിരുന്നു യോഗ ചെയ്‌തിരുന്നതെങ്കിൽ,​ ഇപ്പോഴാണ് എന്നെ കൈയിൽ കിട്ടിയത്. മൂത്ത മകൾ വിബി വിഷ്ണുവും വിബിയുടെ മകൻ റിത്‌വാനും വീട്ടിലുള്ളതുകൊണ്ട് അവരെയും കൂട്ടും. വ്യായാമത്തിനു മാത്രമല്ല,​ മനസ്സ് ശാന്തമാക്കാനും യോഗ നല്ല കാര്യമെന്ന് മനസ്സിലായി.

നാല് തലമുറകളുടെ സ്നേഹവീട്

രാവിലെ നേരത്തേ ഉണരുന്ന ശീലമുണ്ടായിരുന്നെങ്കിൽ,​ ഇപ്പോഴത് കുറച്ചു ലേറ്റായി. പത്രം വായന നിർബന്ധം. അരിച്ചുപെറുക്കി വായിക്കുന്നതാണ് ശീലം. അമ്മ സരോജനിക്ക് വയസ്സ് തൊണ്ണൂറു കഴിഞ്ഞു. ഇപ്പോഴും കാഴ്‌ചയ്‌ക്ക് നല്ല തെളിച്ചം. പത്രമൊക്കെ ഒന്നാന്തരമായി വായിക്കും. നാലഞ്ചു വർഷമായി ഭാര്യയുടെ അമ്മ രാധയും ഒപ്പമുണ്ട്. വയസ്സ് എഴുപത്തഞ്ച്. അങ്ങനെ,​ അമ്മയും ഞാനും എന്റെ മകളും കൊച്ചുമകനുമൊക്കെയായി ചിറയിൻകീഴിലെ വിബി ഹൗസിൽ നാല് തലമുറകൾ ഒരുമിച്ചുള്ളത് സന്തോഷം. അടുത്തു തന്നെ സഹോദരിമാരും ശേഷക്കാരും ബന്ധുക്കളുമുണ്ട്. കൊവിഡ് നിയന്ത്റണം കാരണം കുറച്ചു ദിവസമായി ആരും അങ്ങോട്ടും ഇങ്ങോട്ടുമൊന്നുമില്ല. ബന്ധുക്കളെ കാണാതിരിക്കുന്നതിന്റെ അസ്വസ്ഥതയുണ്ട്.

ഭാര്യ 'പാചകരത്നം' ആയതുകൊണ്ട് അടുക്കളഭാഗത്തേക്ക് അധികം ഇടപെടൽ ഇല്ല. പിന്നെ,​ ജോലിക്കാരുമുണ്ട്. വൈകുന്നേരം കുടുംബസമേതം അടുത്തുതന്നെയുള്ള കൃഷിസ്ഥലത്തേക്ക്. നാലഞ്ചു വർഷം മുമ്പ് വാങ്ങിയതാണ് ഒരേക്കർ പറമ്പ്. അവിടം ഇപ്പോൾ ഏ ക്ളാസ് പച്ചക്കറിത്തോട്ടം. വീട്ടിലേക്കുള്ളതു കഴിഞ്ഞ് ബാക്കി കാണും. ബന്ധുക്കൾക്കു കൊടുക്കും. കൂട്ടുകാർ കാറിൽ വന്ന് കുറെ പച്ചക്കറി കൊണ്ടുപോകുമായിരുന്നു. ലോക്ക് ഡൗൺ വന്നതോടെ ആർക്കും വരാൻ പറ്റാതായി. എന്നാലും ഡ്രൈറെ അയച്ച് പലരുടെയും വീട്ടിൽ കൊണ്ടുക്കൊടുക്കും.

ഭാര്യ ബീന നന്നായി പാടും. ട്രിവാൻഡ്രം മ്യൂസിക് ക്ളബിൽ അംഗം. നടി മല്ലികാ സുകുമാരൻ ആണ് ക്ളബിന്റെ രക്ഷാധികാരി. ലോക്ക് ഡൗണിൽ ബീനയുടെ പാട്ടാണ് വീട്ടിൽ ഇപ്പോഴത്തെ പ്രധാന അട്രാക്‌ഷൻ. രണ്ടു മക്കളും പാടുമെങ്കിലും,​ അമ്മയോളം വരില്ല! ഇപ്പോൾ മൂത്ത മകൾ വിബി വീട്ടിലുള്ളതുകൊണ്ട് കൂടെപ്പാടാൻ ആളായി. മ്യൂസിക് ക്ളബിൽ മുപ്പത്തഞ്ചു പേരോളമുണ്ട്. മാസത്തിൽ ഒരിക്കൽ ട്രിവാൻഡ്രം ഗോൾഫ് ക്ളബിലോ സൗത്ത് പാർക്ക് ഹോട്ടലിലോ അംഗങ്ങൾ ഒത്തുചേർന്ന് പാട്ടുണ്ട്.

കരുതലിന്റെ അവധിക്കാലം

കേരളത്തിൽ പത്തു സ്ഥലത്താണ് ന്യൂരാജസ്ഥാൻ മാർബിൾസിന് ഷോറൂം. ഒടുവിൽ തുടങ്ങിയത് തിരുവനന്തപുരത്ത് ചാക്ക ബൈപ്പാസിൽ. എല്ലായിടത്തും കൂടി സ്ഥിരം ജോലിക്കാർ തന്നെ എണ്ണൂറിലധികമുണ്ട്. ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും എല്ലാവർക്കും ശമ്പളം കൊടുത്തു. മുന്നൂറോളം ദിവസക്കൂലിക്കാർ വേറെ. കൂടുതലും ബംഗാളികളാണ്. അവർക്ക് അരിയും പലവ്യഞ്ജനങ്ങളും സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങി,​ താമസിക്കുന്ന സ്ഥലത്തെത്തിച്ചു. തൊഴിലാളികളുടെ കാര്യമോർത്താണ് മനസ്സിൽ വിഷമം. ലോക്ക് ഡൗൺ നീണ്ടുപോയാൽ എന്താകുമെന്ന് അറിയില്ല. പ്രതിസന്ധി മാറിയാലും കെട്ടിടംപണിയൊക്കെ പഴയതു പോലെ ഉഷാറാകാൻ ഒന്നൊന്നര വർഷമെങ്കിലും വേണ്ടിവരും. പത്ത് ഷോറൂമുകളിലായി സ്റ്റോക്ക് ഒരുപാടുണ്ട്. ​ ബാങ്ക് വായ്‌പാ പലിശയുടെ ഭാരം വേറെ...

പണ്ട് ഗൾഫിലായിരുന്നു. അക്കാലത്ത് പല രാജ്യങ്ങളിലും പോയിട്ടുണ്ട്. അക്കൂട്ടത്തിൽ ജപ്പാനിൽ നിന്ന് കൊണ്ടുവന്നതാണ് ബിസിനസിന്റെ ബ്രാൻഡ് മുദ്ര ആയ സുമോ ഗുസ്‌തിക്കാരനെ. അച്ഛൻ മരിച്ചപ്പോൾ നാട്ടിൽ അമ്മ തനിച്ചായി. ഒറ്റമകൻ. അങ്ങനെ,​ ഗൾഫിലെ ജോലി കളഞ്ഞ് ചിറയിൻകീഴിലേക്ക് മടങ്ങുകയായിരുന്നു. ആദ്യം സോ മില്ല് (saw mill) തുടങ്ങി. ഇരുപത്തിയഞ്ചു വർഷം മുമ്പ്,​ അതിനടുത്തു തന്നെ തുടങ്ങിയതാണ് ന്യൂ രാജസ്ഥാൻ മാർബിൾസ്. അധികം ലാഭമൊന്നും എടുക്കുന്നില്ല. നാട്ടിലെ വീടുകളിൽ മൊസൈക് തറയുടെ കാലമായിരുന്നു. അതേ ചെലവിൽ തറ മാർബിൾ ആക്കാമെന്ന് തെളിയിച്ചുകൊടുത്തു. അത് ക്ളിക്കായി. പിന്നെ,​ വളർച്ചയുടെ കാലം.

തിരക്കുകൾക്കു നടുവിൽ നിന്ന്

പണ്ടും ഇപ്പോഴും ഭക്ഷണകാര്യത്തിൽ വലിയ നിർബന്ധങ്ങളൊന്നുമില്ല. പ്രാതലും ഉച്ചയൂണും മാത്രമെ കാര്യമായി ഉള്ളൂ. വൈകിട്ട് ആറിന് ഓട്സോ മറ്റോ കഴിക്കും. കിടക്കാൻ പത്തര- പതിനൊന്ന് മണി ആകും. എല്ലാവരും കൂടിയിരുന്ന് വർത്തമാനം പറയും. കൊറോണ ബാധിച്ച രാജ്യങ്ങളിലെ അവസ്ഥയും,​ തൊഴിലാളികളുടെ പ്രശ്‌നങ്ങളുമൊക്കെയാണ് പ്രധാനം. മുമ്പ് ഇടയ്‌ക്കൊക്കെ കുടുംബസമേതം പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടായിരുന്നു. അതു വയ്യെന്നായതോടെ വീട്ടിൽത്തന്നെ. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ആണ്. മാതാ അമൃതാനന്ദമയി മഠം സ്വാശ്രയസംഘത്തിന്റെ രക്ഷാധികാരി. പിന്നെ,​ മാ‌‌ർബിൾ വിപണനരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയുടെ രക്ഷാധികാരി.. അതൊക്കെയായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേരിട്ടു ചെല്ലാൻ പറ്റാതായി. മൊബൈൽ വഴിയുള്ളതിനൊക്കെ ഒരു പരിമിതിയുണ്ടല്ലോ...

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഫണ്ട് സ്വരൂപിക്കാൻ പല പദ്ധതികളും ആവിഷ്കരിക്കുമ്പോൾ,​ സാമ്പത്തിക ഞെരുക്കം മറികടക്കാൻ അസോസിയേഷന്റെ നേതൃത്വത്തിൽ വിഷ്‌ണുഭക്തൻ ഒരു ക്രിയാത്മക നിർദ്ദേശം മുന്നോട്ടു വയ്‌ക്കുന്നുണ്ട്. ജി.എസ്.ടി ഉൾപ്പെടെ നികുതികൾക്ക് വൺ ടൈം സെറ്റിൽമെന്റ് പദ്ധതി പ്രഖ്യാപിക്കണം. ഇങ്ങനെ സ്വരൂപിക്കുന്ന തുക കൊവിഡ് പ്രതിരോധത്തിനും മറ്റും ഉപയോഗിക്കാനാകും.

മൂത്തമകളും കൊച്ചുമകനുമാണ് ഈ ഒഴിവുകാലത്ത് വീട്ടിലുള്ളത്. മകളുടെ ഭർത്താവ് രൂപേഷ് രവീന്ദ്രന് കൊച്ചിയിൽ ബിസിനസ്. അവർ ലണ്ടനിലേക്കു പോകാനിരുന്നപ്പോഴാണ് കൊവിഡ് 19 കാരണം എല്ലാം നിശ്ചലമായത്. യാത്ര മുടങ്ങിയതോടെ മകളും കൊച്ചുമകനും തത്കാലം കൊച്ചിയിലെ വീട്ടിലേക്കു മടങ്ങാതെ കൂടെ നിൽക്കുന്നു. ഇളയ മകൾ സിബി വിഷ്‌ണുവും ഭർത്താവ് വിഷ്‌ണുവും അയർലണ്ടിൽ. രണ്ടുപേരും ഡോക്‌ടർമാർ. സിബി എം.ഡിക്ക് ലണ്ടനിൽ പഠിക്കുന്നു.

ട്രെൻഡുകൾ മാറുമ്പോൾ

കടകൾ അടച്ചിരിക്കുന്നതല്ല ഇപ്പോഴത്തെ ടെൻഷൻ. വലിയ പർച്ചേസ് നടത്തിയിരുന്നവരിൽ എൺപതു ശതമാനവും വിദേശത്ത് ജോലി ചെയ്‌തിരുന്നവരാണ്. കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്‌ടപ്പെട്ട ഒരുപാടു പേർ നാട്ടിലേക്കു മടങ്ങാനിരിക്കുന്നു. പുതിയ വീടുകളുടെ നിർമ്മാണം നിലയ്‌ക്കുന്നതോടെ മാർബിൾ,​ ഗ്രാനൈറ്റ് മാർക്കറ്റ് മങ്ങും. അതു മാത്രമല്ല,​ ഇൻഡ്യൻ മാർബിളിനെക്കാൾ ഇപ്പോൾ ഇറ്റാലിയൻ മാർബിളിനാണ് ഡിമാൻഡ് അധികം. ഷോറൂമുകളിൽ അതും വേണ്ടത്ര സ്റ്റോക്ക് ചെയ്‌തിട്ടുണ്ട്. മാർബിളിനെക്കാൾ ഡിസൈനർ ടൈൽസ് ആണ് പുതിയ ട്രെൻഡ്. അതിനനുസരിച്ച് ബിസിനസ് രീതിയിലും മാറ്റങ്ങൾ വരുത്തണം.

സ്വന്തം കാര്യങ്ങളെക്കുറിച്ചെന്നതിനെക്കാൾ എല്ലാവരുടെയും പ്രശ്‌നങ്ങളോർത്ത് വേവലാതിപ്പെടുന്നതാണ് മനസ്സിന്റെ ശീലം. എല്ലാം ഇങ്ങനെ നിശ്ചലമാകുന്നതു കാണുമ്പോൾ മനസ്സൊന്ന് വലിഞ്ഞു മുറുകും. അത് ടെൻഷൻ അല്ല,​ മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണ്. ചെറിയ നിലയിൽ നിന്ന് വള‌ർന്നുവന്നതാണ് ഞാൻ. അതുകൊണ്ട് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ എളുപ്പം. പ്രതിസന്ധിയുടെ കടലിനപ്പുറം പ്രതീക്ഷയുടെ കരയുണ്ട്. അവിടേയ്‌ക്ക് നമുക്ക് വേഗത്തിൽ തുഴഞ്ഞുചെല്ലാനാകട്ടെ എന്നു മാത്രമാണ് പ്രാർത്ഥന.