സി‍ഡ്‍നി: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർദ്ദിനാൾ ജോർജ് പെല്ലിനെ (78) ആസ്ട്രേലിയൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പെല്ലിനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. പെൽ ഉടൻ ജയിൽ മോചിതനാകും.

തന്റെ 13-ാം വയസിൽ മെൽബണിൽ ആർച്ച്ബിഷപ്പ് ആയിരുന്ന പെൽ തന്നെ പീഡിപ്പിച്ചെന്ന് 5 വർഷം മുൻപാണ് യുവാവ് പരാതി നൽകിയത്. കത്തോലിക്ക സഭയിൽ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെൽ.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളായിരുന്നു ജോർജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ജോർജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പെൽ നിരന്തരം അവകാശപ്പെട്ടെങ്കിലും രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിക്ടോറിയൻ കൗണ്ടി കോടതി 2019 ൽ പെല്ലിന് ആറുവർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. ഈ വിധിയാണ് ആസ്ട്രേലിയൻ മുതിർന്ന കോടതി റദ്ദാക്കിയത്. സംശയത്തിന്റെ ആനുകൂല്യത്തിൽ അദ്ദേഹത്തെ വിട്ടയയ്ക്കണം എന്നാണ് ഇപ്പോൾ കോടതി വിധിച്ചത്.