മാഡ്രിഡ് : കൊവിഡ് കാരണം യൂറോപ്പിലെ ഫുട്ബാൾ മത്സരങ്ങൾ തടസപ്പെട്ടിരിക്കുമ്പോൾ ആരാധകർക്കിടയിലെ ചർച്ച മറ്റൊന്നാണ് ; ബാഴ്സലോണയുടെ സൂപ്പർ താരം മെസി അടുത്ത സീസണിന് ശേഷം ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനിലേക്ക് പോകുമോ?. ഇന്ററിന്റെ മുൻ പ്രസിഡന്റ് മാസിമോ മൊറാട്ടി കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ പറഞ്ഞ അഭിപ്രായമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. പണ്ട് ബ്രസീലിയൻ താരം റൊണാൾഡോയെ റയൽ മാഡ്രിഡിൽ നിന്ന് ഇന്ററിലേക്ക് റാഞ്ചാൻ ചരടുവലിച്ചത് മൊറാട്ടിയായിരുന്നു.
മുമ്പും പലതവണ മെസിക്കായി ഇന്റർ ശ്രമം നടത്തിയിരുന്നു. എന്നാൽ ബാഴ്സലോണയുടെ അക്കാഡമിയിൽ കളി പഠിച്ചു വളർന്ന ശേഷം മറ്റൊരു ക്ളബിനായി കളിച്ചിട്ടില്ലാത്ത മെസി ഇൗ ഒാഫറെല്ലാം നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണെന്ന് മൊറാട്ടി പറഞ്ഞു. ബാഴ്സലോണ അധികൃതരുമായി മെസി അത്ര സുഖത്തിലല്ലത്രേ. 2021നപ്പുറത്തേക്ക് കരിയർ നീട്ടിയിട്ടുമില്ല. ഇൗ സാഹചര്യത്തിൽ മെസി തങ്ങൾക്ക് ഇപ്പോൾ വിലക്കപ്പെട്ട സ്വപ്നമല്ലെന്നാണ് മൊറാട്ടി പറയുന്നത്.
മെസി ഇറ്റലിയിലേക്ക് പോകുമെങ്കിൽ അത് ഫുട്ബാൾ ആരാധകർക്ക് മറ്റൊരു ചാകരയാകും. സ്പാനിഷ് ലാ ലിഗയിൽ മെസി ബാഴ്സയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലും കളിച്ചിരുന്ന കാലംപോലെ ഇറ്റലിയിലും സംഭവിക്കും. ക്രിസ്റ്റ്യാനോ ഇപ്പോൾ യുവന്റസിൽ കളിക്കുകയാണ്. ഇരുവരും ഇറ്റലിയിൽ കൊമ്പുകോർക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ.