ലണ്ടൻ: കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില അതീവ ഗുരുതരം. ജോൺസനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്‌ച രാത്രിയാണ് 55 വയസുള്ള ബോറിസ് ജോൺസന്റെ ആരോഗ്യനില വഷളായത്. പനിയും ചുമയും ശക്തമായതോടെ ആരോഗ്യസംഘത്തിന്റെ നിർദ്ദേശാനുസരണം ലണ്ടൻ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമെങ്കിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കും. ആശുപത്രിയിലേക്ക് മാറ്റും മുമ്പ് ഓക്‌സിജൻ നൽകി.
നല്ല പരിചരണമാണ് ബോറിസ് ജോൺസന് ആശുപത്രിയിൽ കിട്ടുന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനാണ് പ്രധാനമന്ത്രിയുടെ ചുമതല. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോൺസന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോൺസന്റെ ആറുമാസം ഗർഭിണിയായ ജീവിത പങ്കാളി കാരി സിമൺഡ്സ് കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.
അസുഖം ഭേദമായി ബോറിസ് ആശുപത്രി വിടട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.