mobile-phone

തിരുവനന്തപുരം: സംസ്ഥാനത്തെ മൊബൈൽ ഫോൺ ഷോപ്പുകൽ ഞായറാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വർക്ക്‌ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാമെന്നും ഞായർ, വ്യാഴം ദിവസങ്ങളിൽ സ്‌പെയർ പാർട്ട്സ് കടകളും തുറക്കാനായി അനുവാദം നൽകുമെന്നും അദ്ദേഹം കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫാൻ, എയർ കണ്ടീഷനർ എന്നിവ വിൽക്കുന്ന കടകൾ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. അതോടൊപ്പം റജിസ്‌റ്റേർഡ് ആയ ഇലക്ട്രീഷ്യന്മാർക്ക് വീടുകകളിൽ പോയി തകരാറുകൾ പരിഹരിക്കാനും അനുമതി നൽകും. ഫ്‌ളാറ്റുകളിൽ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാർ സംഭവിച്ചാൽ നന്നാക്കാൻ ചെല്ലുന്നവർക്കും അതിനായി അനുമതി നൽകും. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ കാസർകോട്ട് നിന്നും, മൂന്ന് പേർ കണ്ണൂരിൽ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയർന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 12 പേരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.