തിരുവനന്തപരം: പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഥയറിയാതെ ആട്ടം കാണുകയാണെന്നും പ്രവാസികളുടെ നടത്തിയ ചർച്ചകൾ സംബന്ധിച്ചുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി. കൊവിഡ് ദുരന്തമുഖത്ത് കെ.പി.സി.സി ഇടുങ്ങിയ തരത്തിലുള്ള മനോഭാവം കാട്ടാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'ചിലയാളുകൾ എത്ര കാലം മാറിയാലും ഒരു തരത്തിലും മാറില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഇതൊക്കെ. ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കെ.പി.സി.സിയുടെ പ്രസിഡന്റാണ്. കോൺഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. യഥാർത്ഥത്തിൽ കഥയറിയാതെ അദ്ദേഹം ആട്ടം കാണുകയാണ്. കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുക. ഇത്രയും ഇടുങ്ങിയ ഒരു മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാവുമായിരുന്നു എന്നേ പറയാനുള്ളൂ.
പ്രതിപക്ഷ നേതാവെന്നാൽ എല്ലാത്തിനെയും എതിർക്കുക എന്നൊരു നിലപാട് നേരത്തെ തന്നെ അദ്ദേഹം സ്വീകരിച്ചുവരുന്നുണ്ട്. ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്താൻ കഴിയുമോ എന്ന് നോക്കി നടക്കുവല്ലേ? മറ്റെന്തെങ്കിലും തരത്തിൽ ശ്രദ്ധ തിരിച്ചുവിടാൻ സാധിക്കുമോ...വേറെ തരത്തിൽ കേരളത്തെ അപമാനിക്കുവാൻ പറ്റുമോ...ആ തരത്തിൽ നോക്കുകയല്ലേ? അതിന്റെ ഭാഗമായിട്ടല്ലേ ആ തരത്തിലെ വർത്തമാനങ്ങൾ?'
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയപ്പോൾ സമ്പന്നരായ പ്രവാസികളുമായാണ് അത് നടത്തിയതെന്നും ഇത് സമ്പന്നരോട് സി.പി.എമ്മിനുള്ള താത്പര്യത്തിന്റെ ഭാഗമാണെന്നും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശിച്ചിരുന്നു.