മുംബയ് : അഞ്ചുവർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലില്ലെങ്കിലും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഇപ്പോൾ കേരളത്തിനായി രഞ്ജി കളിക്കുന്ന പാതിമലയാളി താരം റോബിൻ ഉത്തപ്പ. 2007ൽ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്ന തനിക്ക് ഒരു ട്വന്റി-20 ലോകകപ്പ് കൂടി കളിക്കാൻ കരുത്തുണ്ടെന്ന് ഉത്തപ്പ പറയുന്നു. എന്നാൽ ഭാഗ്യമാണ് ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ഘടകം.പ്രതിഭകളുടെ ധാരാളിത്തമാണ് ഇവിടുത്തെ വെല്ലുവിളി. ആത്മവിശ്വാസം നിലനിറുത്തി മുന്നോട്ടുപോവുകയാണ് താനെന്നും ഉത്തപ്പ പറഞ്ഞു.