കോഴിക്കോട്: ഹാസ്യവേഷങ്ങൾക്ക് തനതുമുദ്ര ചാർത്തിയ ചലച്ചിത്രനടൻ ശശി കലിംഗ (59) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കാൽ നൂറ്റാണ്ടോളം നാടകരംഗത്ത് സജീവമായിരുന്നു. അഞ്ഞൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാലേരി മാണിക്യം, കേരള കഫേ, വെള്ളിമൂങ്ങ, ആമേൻ, ഗദ്ദാമ, ഇന്ത്യൻ റുപ്പീ, ആദാമിന്റെ മകൻ അബു, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. സ്റ്റീവൻ സ്‌പീൽബർഗിന്റെ ഹോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഗദ്ദാമയിൽ അഭിനയിക്കുന്നതിന് ഗൾഫിലെത്തിയപ്പോഴാണ് ഹോളിവുഡ് സിനിമയുടെ അണിയറ പ്രവർത്തകർ അദ്ദേഹത്തെ കാണുന്നതും ക്ഷണിക്കുന്നതും.
പത്തു വർഷത്തോളമായി കോഴിക്കോട് പിലാശ്ശേരിയിലാണ് താമസം. ഭാര്യ: പ്രഭാവതി.
കോഴിക്കോട് പടിഞ്ഞാറെ നടക്കാവ് ആറാം ഗേറ്റിനടുത്ത് കെ. ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ്. സഹോദരിമാർ: ഇന്ദിര, ലത, ഗീത.