വർഷങ്ങൾക്കു ശേഷം ടെലിവിഷനിൽ തിരിച്ചെത്തിയിരിക്കുയാണ് മഹാഭാരതം പരമ്പര. ലോക്ക്ഡൗൺ സമയത്ത് വീടുകളിൽ തന്നെ ജനങ്ങളെ ഇരുത്താനുള്ള ഒരു മാർഗമെന്നോണമാണ് ഇതിഹാസപരമ്പരയെ കേന്ദ്രസർക്കാർ പുനസംപ്രേക്ഷണത്തിന് എത്തിച്ചത്. അത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം ഉയരുമ്പോഴും, ഒരു കാലഘട്ടത്തിൽ അന്നത്തെ തലമുറയെ ആവേശം കൊള്ളിച്ച ബി.ആർ ചോപ്രയുടെ മഹാഭാരതം പുതിയ തലമുറയ്‌ക്കും ഒരു പഠനമാകുമെന്നതിൽ സംശയമില്ല.
മഹാഭാരത്തിൽ മറ്റേത് കഥാപാത്രത്തെക്കാളും പ്രേക്ഷകർ ഓർത്തിരിക്കുന്ന മുഖമാണ് ശ്രീകൃഷണന്റെത്. നിതീഷ് ഭരദ്വാജാണ് ശ്രീകൃഷണനായി വേഷമിട്ടത്. 'മറാത്തി, ഹിന്ദി നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് മഹാഭാരത്തിൽ അവസരം വന്നതെന്ന് നിതീഷ് പറയുന്നു. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്‌ണവേഷത്തിലെത്തി'- നിധിഷിന്റെ വാക്കുകൾ.
'ബോളിവുഡിലെ സൂപ്പർതാരങ്ങളയ പലരും മഹാഭാരത്തിൽ സുപ്രധാന വേഷങ്ങൾ ചെയ്യേണ്ടിയിരുന്നതാണ്. ഗോവിന്ദയെയാണ് അഭിമന്യുവിന്റെ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയിൽ അവസരം വന്നതുകൊണ്ട് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ അമീർഖാൻ ചിത്രത്തിൽ അവർ നായികയായി. അതോടെ രൂപ ഗാംഗുലിയും രമ്യാകൃഷ്‌ണനുമായി അവസാന പട്ടികയിൽ. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാൾ നന്നായിരുന്നതിനാൽ അവർക്ക് നറുക്കു വീണു'.-ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിതീഷ് ഭരദ്വാജ് മനസു തുറന്നത്.