covid-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്ട് നാലുപേർക്കും കണ്ണൂരിൽ മൂന്നുപേ‌ർക്കും കൊല്ലം, മലപ്പുറം ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ വിദേശത്ത് നിന്നും രണ്ടു പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതോടെ നിസാമുദീൻ മതസമ്മേളനത്തിൽ

പങ്കെടുത്ത് മടങ്ങിയെത്തിവരിൽ രോഗം ബാധിച്ചവരുടെ എണ്ണം 15ആയി.

ഇന്നലെ 12 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. കണ്ണൂരിൽ നിന്നുള്ള അഞ്ചു പേരുടേയും എറണാകുളത്തെ നാലു പേരുടേയും തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടേയും ഫലങ്ങളാണ് നെഗറ്റീവായത്. 263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 336 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

1,46,686 പേർ നിരീക്ഷണത്തിലാണ്. 1,45,934 പേർ വീടുകളിലും 752 പേർ ആശുപത്രികളിലുമാണ്. 131 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11,232 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 10,250 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.

നഴ്സുമാർക്ക് പ്രത്യേക കരുതൽ

ലോക ആരോഗ്യ ദിനമായ ഇന്നലെ നഴ്സുമാർക്ക് ആദരമർപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന പ്രയാസങ്ങൾ നമ്മളെ അസ്വസ്ഥരാക്കുന്നു. നിപ വൈറസിനോടുള്ള നമ്മുടെ പോരാട്ടത്തിലെ രക്തസാക്ഷിയാണ് സിസ്റ്റർ ലിനി. കോട്ടയത്ത് കൊറോണ ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് രേഷ്മ മോഹൻദാസ് കൊറോണ വാർഡിൽ ജോലിചെയ്യാൻ വീണ്ടും സന്നദ്ധത അറിയിച്ചു. കോട്ടയത്തെ മറ്റൊരു നഴ്സ് പാപ്പാ ഹെൻറി കൊവിഡ് ബാധയുള്ള ഏത് ജില്ലയിലും ജോലിചെയ്യാമെന്ന് അറിയിച്ചു. നഴ്സുമാർ നമുക്ക് നൽകുന്ന ഊർജത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണിത്. അവർക്ക് അതേ കരുതൽ തിരിച്ചുനൽകാനുള്ള ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്. ലോകത്ത് ആകെയുള്ള മലയാളിസമൂഹം അതത് സ്ഥലങ്ങളിലുള്ള നമ്മുടെ ആരോഗ്യപ്രവർത്തകരെ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മറ്റു മരുന്നുകൾക്ക് ക്ഷാമമുണ്ടാകില്ല

മാനസികരോഗം, വൃക്കരോഗം തുടങ്ങി അസുഖങ്ങൾക്കുള്ള മരുന്നിന് ക്ഷാമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പൊലീസ്, ഫയർഫോഴ്സ് എന്നിവയുടെ സഹകരണത്തോടെ മരുന്നുകൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.