quarentine

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം. കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയ പെൺകുട്ടിയുടെ വീടിന് നേരെയാണ് ഇന്ന് വൈകുന്നേരം ആക്രമണം നടന്നത്. പെൺകുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന ഭീഷണിയെ തുടർന്ന് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടി അടുത്തിടെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ശേഷം പെൺകുട്ടി തന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ അച്ഛൻ നാട്ടിലെങ്ങും ഇറങ്ങി നടക്കുകയാണെന്ന് അധികം വൈകാതെ വ്യാജവാർത്ത പരന്നു. നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ചിലർ സത്യവിരുദ്ധമായി ഇക്കാര്യം പ്രചരിപ്പിച്ചത്.

ഇതേതുടർന്ന് പെൺകുട്ടിയുടെ അച്ചൻ ഇതിനെ ചോദ്യം ചെയ്യുകയും ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഇവരുടെ വീടിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നതുമായി ബന്ധപ്പെട്ടും ചില തർക്കങ്ങൾ നടന്നതായി പറയപ്പെടുന്നു.