oman

മസ്‌കറ്റ്: കൊവിഡിന്റെയും തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്കുമിടയിൽ പ്രവാസികളായ രക്ഷിതാക്കൾക്ക് ആശ്വാസവാർത്ത. വിവിധ സ്‌കൂളുകളിൽ പ്രഖ്യാപിച്ച ഫീസ് വർദ്ധന തൽക്കാലത്തേക്ക് നടപ്പാക്കില്ലെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിരിക്കുകയാണ്. മാത്രമല്ല സ്‌കൂൾ ഫീസ് മൂന്നു മാസത്തേക്ക് അടക്കുന്നതിന് പകരം പ്രതിമാസം അടച്ചാൽ മതി. ജൂലായ് അവസാനം വരെയാണ് ഇവ പ്രാബല്യത്തിലുണ്ടാവുകയെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

പുതിയ അദ്ധ്യയനവർഷത്തെ സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുനരാരംഭിച്ചിട്ടുണ്ട്. ബോർഡിന് കീഴിലുള്ള മസ്‌കറ്റിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനാണ് ഏകീകൃത ഓൺലൈൻ സംവിധാനമുള്ളത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ഒഴികെയുള്ള പ്രവേശനത്തിന് www.indianschoolsoman.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.