മലപ്പുറം: തിരൂർ കട്ടച്ചിറയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് കല്ലിൽ തലയിടിച്ച് വീണ് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ കട്ടപ്പുറം സ്വദേശി നെടുമ്പറമ്പത്ത് സുരേഷാണ്(42) മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കട്ടച്ചിറയിൽ ഒരു തെരുവോരത്ത് ഏതാനും പേർ ഒന്നിച്ചിരിക്കുന്നത് കണ്ട ഇവരെ വിരട്ടിയോടിക്കുന്നതിനായി അവിടേക്ക് എത്തുകയായിരുന്നു. ഇക്കൂട്ടത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ഇവരിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടിരുന്നു. സുരേഷും ഓടിരക്ഷപ്പെട്ട രണ്ടുപേരിൽ ഉൾപ്പെടുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ഓടിയവർ അടക്കം നാളെ ഹാജരാകണം എന്ന നിബന്ധനയിൽ പൊലീസ് വിട്ടയച്ചു. പിന്നീടാണ് സുഹൃത്തുക്കൾ രാത്രി നടത്തിയ തിരച്ചിലിൽ വഴിയിൽ ഒരു കരിങ്കൽ കൂനയ്ക്ക് മേൽ തലയിടിച്ച് വീണ് മരിച്ചുകിടക്കുന്ന സുരേഷിനെ കണ്ടെത്തുന്നത്.
മുൻപ്, പൊലീസോ സുരേഷിന്റെ സുഹൃത്തുക്കളോ ഇദ്ദേഹം മരണപ്പെട്ടത് കണ്ടിരുന്നില്ല. തലയിടിച്ച് വീണു തന്നെയാണ് മരണം എന്നാണ് കരുതുന്നതെങ്കിലും ഇതിൽ സ്ഥിരീകരണം ആയിട്ടില്ല. തങ്ങൾ ഇവരിൽ ആരെയും മർദ്ദിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
മുൻപും സുരേഷും സുഹൃത്തുക്കളും കൂട്ടം കൂടിയിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇന്നും അത് ആവർത്തിച്ചതിനാലാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. സുരേഷിന് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നു.