corona

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ്​ ബാധിതരുടെ എണ്ണം 1,430,516 ആയി ഉയർന്നു. ഇതുവരെ 82,019 പേർ മരിച്ചതായാണ്​ ഔദ്യോഗിക കണക്ക്​. 301,828 പേർക്ക്​ രോഗം ഭേദമായി. 1,046,669 ആളുകളാണ്​ ഇപ്പോൾ ചികിത്സയിലുള്ളത്. ലോകത്താകമാനമായി 4800ത്തിൽപരം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്.

അതിനിടെ അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി.

അതേസമയം ഇന്നലെ ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യു.എസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 1,970 പേരാണ് യു.എസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യു.എസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യു.എസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.