തിരുവനന്തപുരം : കഴിഞ്ഞ മൂന്നുദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് തലസ്ഥാനനഗരമായ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസമായി. സംസ്ഥാനത്തെ ഒരു കൊവിഡ് മരണമുണ്ടായതിന്റെ ആശങ്കയിലായിരുന്നു ജില്ലയെങ്കിലും സമൂഹ വ്യാപനത്തിന്റെ തെളിവുകളില്ലാത്തതും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നതുമാണ് ആശ്വാസം പകരുന്നത്. അതേസമയം ജില്ലയിൽ റിട്ട..എ..എസ്..ഐ കൊവിഡ് ബാധിച്ച് മരണമടഞ്ഞ പോത്തൻകോടും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത തുടരുകയാണ്.അബ്ദുൾ അസീസുമായി അടുത്ത് ഇടപഴകിയവരെന്ന് സംശയിക്കുന്ന നിരവധി പേരെ ഇന്നലെയും ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. സംശയമുള്ളവരോട് പരിശോധനയ്ക്ക് ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
7000 പേരാണ് തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. 96 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ നാല് പോസിറ്റീവ് കേസുകളുണ്ടെങ്കിലും ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഈ ആഴ്ച ഇന്നലെ വരെ ജില്ലയിൽ ഒരിടത്തുനിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ ശക്തമായ നിരീക്ഷണം തുടരുന്ന പോത്തൻകോടും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. റേഷൻകടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമൊപ്പം അരി, പച്ചക്കറി, പലവ്യജ്ഞനങ്ങൾ എന്നീ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആളുകൾ കൂട്ടം കൂടുന്നതിനും വാഹനങ്ങളുമായി കറങ്ങി നടക്കുന്നതിനും കർശനമായ നിയന്ത്രണങ്ങൾ ജില്ലയിലെ മറ്റ് പ്രദേശങ്ങൾക്കൊപ്പം ഇവിടെയും തുടരുകയാണ്. പ്രധാന ജംഗ്ഷനുകളിലും നിരത്തുകളിലും പൊലീസ് പരിശോധനയും പതിവുപോലെ നടക്കുന്നുണ്ട്.