pic

കാസർകോട്: കേരള കർണാടക അതിർത്തിയിൽ ഒരുക്കി എന്ന് പറയുന്ന സൗകര്യം വാക്കുകളിലും കടലാസുകളിലും മാത്രം ഒതുങ്ങുന്നു. സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ച് ഇന്ന് രാവിലെ പത്തരയോടെ ചെങ്ങന്നൂരിൽനിന്ന് രോഗിയുമായി എത്തിയ ആംബുലൻസ് അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞു. രോഗികളെ കടത്തിവിടാൻ അതിർത്തിയിൽ നിയമിച്ച മെഡിക്കൽ സംഘത്തെ ഏർപ്പെടുത്തിയ സംവിധാനം അശാസ്ത്രീയമെന്നാണ് ഉയർന്നുവരുന്ന ആരോപണം. അടിയന്തര ഘട്ടത്തിലുള്ള രോഗിക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകൽ അസാധ്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയുടെ അതിർത്തിയിലെ പരിശോധനയും കാലതാമസത്തിന് ഇടയാക്കുന്നു എന്നാണ് ആക്ഷേപം. രോഗിയെ തലപ്പാടിയിൽ വച്ച് ആംബുലൻസ് മാറ്റുന്നതും അപ്രായോഗികമാണ്. രോഗികൾ കാസർകോടും കണ്ണൂരും ചികിത്സാസൗകര്യം ഇല്ലെന്ന സാക്ഷ്യപത്രവും നൽകണം. ഇത് നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകാൻ സാധ്യത കുറവാണ്.

ഇന്ന് രാവിലെയാണ്‌ കേരളവും കർണാടകലും ഏർപ്പെടുത്തിയ മെഡിക്കൽ സംഘങ്ങൾ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയായ തലപ്പാടിയിൽ എത്തിയത്. ഇവർ അനുമതി നൽകുന്നരോഗികൾക്ക് മാത്രമേകേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സതേടാനാകൂ. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്.

കേരള സംഘത്തിൽ നാല്‌ ഡോക്ടർമാരും മറ്റ് ജീവനക്കാരുമാണുള്ളത്. കർണാടക സംഘത്തിൽ രണ്ട്‌ ഡോക്ടർമാരാണുള്ളത്. മംഗലൂരുവിലേക്ക് പ്രവേശിക്കണമെങ്കിൽ 11 ഇന നിർദ്ദേശങ്ങൾ അടങ്ങിയ ഫോറം പൂരിപ്പിച്ച് നൽകണം. നിങ്ങൾ കൊവിഡ് ബാധിതനാണോ?​,​ കാസർകോട് ചികിത്സ ലഭ്യമല്ലെ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.