aav

തിരുവനന്തപുരം: അന്ത്യോദയ അന്നയോജന കാർഡുടമകൾക്കും മുൻഗണാ കാർഡുടമകൾക്കും ഈ മാസവും തുടർന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ വിതരണം ചെയ്തത്. ഏപ്രിൽ 20 മുതൽ കേന്ദ്രത്തിൽ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും.

സൗജന്യ റേഷൻ കടകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും. ലോക് ഡൗൺ പശ്ചാത്തലത്തിൽ അരിയുടെ ലഭ്യത കുറഞ്ഞതിനാലാണ് വെള്ള, നീല കാർഡുകൾക്ക് 15 കിലോ ധാന്യം നൽകാൻ തീരുമാനിച്ചത്.എഫ്.സി.ഐയിൽ നിന്ന് 22.50 രൂപ നിരക്കിൽ 50,000 മെട്രിക് ടൺ അരിയാണ് വാങ്ങുക. സംസ്ഥാനത്തെ അനാഥാലയങ്ങൾ, കോൺവെന്റുകൾ, സന്യാസ ആശ്രമങ്ങൾ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും.

മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുടെ റേഷൻ സൗജന്യമാക്കിയതു വഴി 1.31 കോടി രൂപയും മറ്റുള്ളവരുടെ റേഷൻ സൗജന്യത്തിന് 5.55 കോടി രൂപയുമാണ് സർക്കാർ ബാധ്യത. മുൻഗണനേതര വിഭാഗങ്ങൾക്ക് അധിക ധാന്യം വാങ്ങി വിതരണം ചെയ്യുന്നതിന് 132.50 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്.