തൃശൂർ: അനിൽ അക്കരെ എം.എൽ.എയുടെ വീട്ടിലെ പശു തൊഴുത്തിൽ അറുത്തുമാറ്റിയ പൂച്ചയുടെ തല കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന് പുറകിലാണ് തൊഴുത്ത് സ്ഥിതി ചെയ്യുന്നത്. പശുവിന് കുടിക്കാൻ വേണ്ടി വെള്ളം വച്ചിരിക്കുന്ന ഒരു പാത്രമുണ്ട്. ഇതിലാണ് ആരോ പൂച്ചത്തല കൊണ്ടിട്ടിരിക്കുന്നത്.
അതേസമയം, എം.എൽ.എയുടെ വീടിന്റെ തൊഴുത്തിന് സമീപത്തുകൂടി വെള്ളവസ്ത്രം ധരിച്ചൊരാൾ നടന്നുപോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ വീട്ടമ്മ പറയുന്നു. ഇതുരണ്ടും കൂട്ടിവായിക്കുമ്പോൾ സംഭവം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടെന്ന് എം.എൽ.എ പറയുന്നു. വാർത്താ പ്രധാന്യം കിട്ടുമെന്ന് കരുതി സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തെക്കുറിച്ച് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പൂച്ചയുടെെ തല മറ്റെവിടെ നിന്നെങ്കിലും അറുത്ത് മാറ്റിയ ശേഷം എം.എൽ.എയുടെ വീട്ടിലെ തൊഴുത്തിൽ കൊണ്ടിട്ടതാകാമെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അജ്ഞാത രൂപത്തെ കണ്ടെന്ന രീതിയിൽ നിരവധി സംഭവങ്ങൾ നേരത്തെ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.