doctor-praveen

ലോകം മുഴുവൻ ഭീതിയിലാക്കിയ കൊവിഡ്19 വൈറസിനെ പ്രതിരോധിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ. കൊവിഡ് വൈറസിൽ നിന്ന് രക്ഷനേടാൻ ലോക ജനത മുഴുവൻ സാമൂഹ്യ അകലം പാലിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് . ഇപ്പോഴിതാ കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിൽ കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രതിവിധികൾ കുറിച്ചും വളരെ ലളിതമായി ഒന്നര മിനുറ്റ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡോ .പ്രവീൺ .എസ് .ലാൽ . കൊറോണ വൈറസ് തന്നെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു . 'ഞാൻ കൊറോണയാണ് ...എന്നെ നിങ്ങൾ കേൾക്കൂ ..' എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത് . 'വുഹാനിൽ ജനിച്ച ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ ഏറ്റവും വലിയ ശത്രു സോപ്പും ,സാനിറ്റൈസറുമാണെന്ന്' കൊറോണ വിഡിയോയിൽ പറയുന്നു . വളരെ ഗൗരവമേറിയ കാര്യങ്ങളെ ലളിതമായി ഡോ.പ്രവീൺ .എസ് .ലാൽ വീഡിയോയിലൂടെ പറയുന്നു .


ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കൊറോണയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത് ഇൻവിസ് മൾട്ടി മീഡിയയാണ് . അബുദാബിയിലെ ന്യൂ മെഡിക്കൽ സെന്ററിൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റാണ് ഡോ .പ്രവീൺ . തിരുവനന്തപുരത്ത് എസ് .യു .ടി , കിംസ് തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ പ്രവീൺ ജോലി ചെയ്തിരുന്നു . ഭാര്യ വിനിത . പ്രമുഖ അഭിഭാഷകൻ എൻ .എസ് .ലാലിന്റെയും ,പ്രൊഫസ്സർ ശുഭ ലാലിന്റെയും മകനാണ് പ്രവീൺ .