കൊച്ചി: കൊവിഡ്-19 ഭീതി, ലോക്ക് ഡൗൺ, സാമ്പത്തിക ഞെരുക്കം എന്നിവമൂലം കേരളത്തിൽ വിറ്റഴിയാതെ കിടക്കുന്ന റിയൽ എസ്റ്രേറ്ര് പ്രോജക്ട് യൂണിറ്റുകൾ 5,000 ഓളം. ഇവയ്ക്ക് ശരാശരി 70 ലക്ഷം രൂപ വില കണക്കാക്കിയാൽ 3,500 കോടി രൂപയുടെ വില്പനയാണ് പ്രതീക്ഷിച്ച സമയത്ത് നടക്കാതെ, ബിൽഡർമാർക്ക് നഷ്ടമായി മാറിയത്.
കൊച്ചിയിൽ ആയിരം, തിരുവനന്തപുരത്ത് 700-800, കോഴിക്കോട്ടും പാലക്കാട്ടും തൃശൂരുമായി ആയിരത്തിലധികം എന്നിങ്ങനെ യൂണിറ്റുകൾ വിറ്റഴിക്കപ്പെടാതെയുണ്ട്. 2020 ജനുവരി-മാർച്ച് പാദത്തിലെ കണക്കാണിത്. മരട് ഫ്ളാറ്റ് പൊളിക്കൽ വിഷയത്തോടെ തന്നെ കേരളത്തിൽ റിയൽ എസ്റ്രേറ്റ് മേഖല പ്രതിസന്ധിയുടെ അടിത്തറ കണ്ടിരുന്നു. ബിൽഡർമാർക്ക് സൗഹാർദ്ദമല്ലാത്ത പുതിയ ബിൽഡിംഗ് ചട്ടങ്ങളും വലച്ചു. ഇതോടെ, പുതിയ ലോഞ്ചിംഗുകൾ കുറഞ്ഞിരുന്നു. തുടർന്നെത്തിയ കൊവിഡ്-19 ഭീതിയും സമ്പദ്ഞെരുക്കവും വിപണിയെ കൂടുതൽ തളർത്തി.
സംസ്ഥാനത്ത് വിറ്റഴിയുന്ന റിയൽ എസ്റ്രേറ്റ് ബിൽഡിംഗ് യൂണിറ്റുകളുടെ 60 ശതമാനത്തിലധികവും വാങ്ങുന്നത് പ്രവാസികളാണ്. അവരിൽ തന്നെ 75 ശതമാനത്തോളവും ഗൾഫ് പ്രവാസികളും ബാക്കി യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. കൊവിഡ്-19നോട് അനുബന്ധിച്ചുള്ള ലോക്ക്ഡൗണും ക്രൂഡോയിൽ വിലത്തകർച്ചയും ഗൾഫ് പ്രവാസികളുടെ തൊഴിലിനെയും വേതനത്തെയും ബാധിച്ചു.
കൊവിഡ്-19 തീവ്രതാണ്ഡമാടിയ യൂറോപ്പിലെ പ്രവാസികളുടെ സ്ഥിതിയും സമാനമാണ്. ഇതോടെ, കേരളത്തിലെ റിയൽ എസ്റ്രേറ്റ് യൂണിറ്റ് പർച്ചേസുകൾ പലരും നീട്ടിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തു. ഇതും വിപണിയെ തളർത്തി. ഇന്ത്യയിൽ ലോക്ക്ഡൗൺ കഴിഞ്ഞാലും റിയൽ എസ്റ്റേറ്റ് വിപണി നേട്ടത്തിന്റെ ട്രാക്കിലേറാൻ ഒരുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തലുകൾ.
ഇന്ത്യയ്ക്ക് നഷ്ടം
₹3.70 ലക്ഷം കോടി
രാജ്യത്താകെ ജനുവരി-മാർച്ചിലെ കണക്കുപ്രകാരം 3.70 ലക്ഷം കോടി രൂപ മൂല്യം വരുന്ന 4.55 ലക്ഷം റിയൽ എസ്റ്റേറ്റ് പ്രോജക്ട് യൂണിറ്റുകൾ വിറ്റഴിക്കപ്പെടാതെ കിടക്കുന്നുണ്ട്. 2019ലെ സമാന കാലയളവിനെ അപേക്ഷിച്ച് ഇക്കുറി ജനുവരി-മാർച്ചിൽ വില്പന 30 ശതമാനം ഇടിഞ്ഞു. മാർച്ചിൽ പുതിയ ലോഞ്ചിംഗോ വില്പനയോ നടന്നില്ല.
ഇനി പുതിയ
ഉപഭോക്താക്കൾ
കൊവിഡ്-19ന് ശേഷം സമ്പദ്രംഗത്ത് സമൂലമായ മാറ്രം തന്നെ ഉണ്ടാകുമെന്ന് ക്രെഡായ് കേരള കണവീനർ ജനറൽ എസ്.എൻ. രഘുചന്ദ്രൻ നായർ 'കേരളകൗമുദി"യോട് പറഞ്ഞു. റിയൽ എസ്റ്രേറ്ര് രംഗവും മാറും. ഇപ്പോൾ സമ്പന്ന ലോകമാണ് റിയൽ എസ്റ്റേറ്രിലെ മുഖ്യ ഉപഭോക്താക്കൾ. അവരിൽ തന്നെ ഗൾഫ്, യൂറോപ്പ് പ്രവാസികളാണ് അധികവും.
എന്നാൽ, കൊവിഡ്-19ന് ശേഷം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ഇന്ത്യയായിരിക്കും. ഗൾഫിനെയും യൂറോപ്പിനെയും ഇനി പ്രതീക്ഷവയ്ക്കാനാവില്ല. അവിടങ്ങളിൽ നിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് തിരിച്ചൊഴുകിയേക്കും. രാജ്യത്തെ പകുതിയിലധികം വരുന്ന ഇടത്തരം വരുമാനക്കാരായിരിക്കും ഇനി റിയൽ എസ്റ്റേറ്റിന്റെ മുഖ്യ ഉപഭോക്താക്കളായി മാറുക. പദ്ധതികൾ അവർക്ക് അനുയോജ്യമായ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.