വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഫണ്ട് നിറുത്തലാക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രോഗബാധ തടഞ്ഞു നിറുത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും, അത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. തുടക്കംമുതൽ തന്നെ ചൈനയ്ക്ക് ഒപ്പമായിരുന്നു സംഘടനയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസിൽ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകൾ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് യു.എസ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം, യു.എസിൽ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇതുവരെ 12, 854 പേർ മരിച്ചു. അതേസമയം, ട്രംപിന്റെ ആരോപണം പൂർണമായും തെറ്റാണെന്നും അദ്ധ്യക്ഷൻ ടെഡ്രോസ് അദാനത്തിന്റെ കീഴിൽ ലോകാരോഗ്യ സംഘടന മികച്ച പ്രവർത്തനമാണ് ലോകമെമ്പാടും നടത്തുന്നതെന്നും യു.എൻ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു.