ന്യൂയോർക്ക്: കൊവിഡ് - 19 ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ - അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ന്യൂയോർക്കിൽ മരിച്ചു. ഇന്ത്യൻ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യയ്ക്ക് ഉൾപ്പെടെ നിരവധി മാദ്ധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ബ്രഹ്മ് കാഞ്ചിഭോട്ല (65) ആണ് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മാർച്ച് 23 മുതൽ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ രോഗം വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടൊണ് മരിച്ചത്. 28 വർഷമായി അമേരിക്കയിൽ സ്ഥിരതമാസമാണ് കാഞ്ചിഭോട്ല. 2001 മുതൽ 2006 വരെ യുനൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യയുടെ സീനിയർ കറസ്പോണ്ടന്റ് ആയിരുന്നു. 2007മുതൽ മെർജർ മാർക്കറ്റ്സ് എന്ന സാമ്പത്തികകാര്യ ജേർണലിന്റെ കണ്ടന്റ് എഡിറ്റർ. അമേരിക്കയിലെ ന്യൂജേഴ്സിയിലും ന്യൂയോർക്കിലും വൈറസ് ബാധ കണ്ടെത്തിയ നിരവധി ഇന്ത്യൻ വംശജർ ചികിത്സയിലാണ്.