ഹൈദരാബാദ്: കഴിഞ്ഞ മാസങ്ങളിൽ ലോകമൊട്ടാകെ കേൾക്കുകയും പറയുകയും വായിക്കുകയും ചെയ്ത വാക്ക് കൊറോണയെന്നോ കൊവിഡെന്നോ ആയിരിക്കും. ഒരു മഹാമാരിയുടെ അതിജീവന കാലത്തിന്റെ ഓർമ്മയ്ക്കെന്നോണം ഇക്കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് പേരിടാനും മറ്റെങ്ങും തിരയേണ്ട.
ആന്ധ്രാപ്രദേശിലെ കഡപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേര് 'കൊറോണ കുമാർ" എന്നും 'കൊറോണ കുമാരി" എന്നുമാണ്. ഇവിടെ എസ്.എഫ് ബാഷ ആശുപത്രിയിൽ സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക് അവരെ പുറത്തെടുത്ത ഡോക്ടർ തന്നെയാണ് ഈ പേര് നിർദ്ദേശിച്ചത്.
'എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ സമ്മതത്തോടെയാണ് പേരിട്ടത്'. - ഡോക്ടർ ഷെയ്ഖ് ഫകൈർ ബാഷ പറഞ്ഞു.
ഈമാസം ആദ്യം ഛത്തീസ്ഗഡിൽ ജനിച്ച ഇരട്ടക്കുട്ടികൾക്ക് പേരിട്ടത് കൊവിഡ് എന്നും കൊറോണയെന്നുമായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുട്ടിക്ക് ലോക്ക്ഡൗണെന്നും പേരിട്ടിരുന്നു.