modi-trump

വാഷിംഗ്ടൺ ഡി.സി: ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഇന്ത്യയ്ക്കും ആവശ്യം ഉള്ളതുകൊണ്ടാണ് യു.എസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ തടസം വന്നതെന്നും യു.എസില്‍ നിലവില്‍ 29 ദശലക്ഷം ഹോഡ്രോക്‌സിക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നടപടികളെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.

കൊവിഡ് 19 ചികിത്സയ്ക്കായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കിയത്‌.