ബീജിംഗ്: ലോകത്താദ്യമായി കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ രണ്ടര മാസങ്ങൾക്ക് ശേഷം ഇന്നലെ വീണ്ടും പുറം ലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ടു. 76 ദിവസമായി ബാഹ്യലോകവമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് സമ്പൂർണ ലോക്കൗട്ടിലായിരുന്നു നഗരം. കഴിഞ്ഞ ജനുവരി 23നാണ് വുഹാനിലെ ഒരുകോടിയിൽ പരം ജനങ്ങളെ അതിവേഗം പടർന്ന മാരക വൈറസിൽ നിന്ന് രക്ഷിക്കാൻ വീടുകളിൽ അടച്ചു പൂട്ടിയത്. നിറംകെട്ട് ആഘോഷങ്ങൾ അവസാനിച്ച നഗരത്തിൽ ഈ ദിവസങ്ങളിൽ മൂവായിരത്തിലേറെ മനുഷ്യരാണ് മരിച്ചു വീണത്.
വൈറസിനെ പൂർണമായും നിയന്ത്രിക്കാനായതോടെ ബുധനാഴ്ച രാത്രിയാണ് നഗരം ലോക്കൗട്ട് അവസാനിപ്പിച്ചത്. അതോടെ നഗരത്തിലെങ്ങും ആഘോഷത്തിന്റെ വർണ വിളക്കുകൾ തെളിഞ്ഞു. അംബരചുംബികളായ കെട്ടിടങ്ങൾ ദീപപ്രഭയിൽ മുങ്ങി. നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിര.ഏറ്റവും അടുത്ത പ്രവിശ്യയായ ജിയാങ്സുവിലേക്ക് പോകുന്നവരുടെ തിരക്കായി.
''സ്വാതന്ത്ര്യം കിട്ടിയതു പോലെയാണിപ്പോൾ...'' 51കാരനായ ഷാങ് കൈഷോങ് കാറിൽ ഇരുന്നു പറഞ്ഞു. ജിയാങ്സുവിൽ നിന്ന് ജനുവരി 22നാണ് ഷാങ് വുഹാനിൽ എത്തിയത്. മകനെ കാണാൻ വന്നതാണ്. മണിക്കൂറുകൾക്കുള്ളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഷാങിനെ പോലെ നൂറുകണക്കിന് ആളുകളാണ് മറ്റ് പ്രദേശങ്ങളിൽ നിന്ന് വുഹാനിൽ എത്തി ലോക് ഡൗണിൽ കുടുങ്ങിയത്.
'രണ്ടര മാസമായി ഭാര്യയെ കണ്ടിട്ട്. ഇത്രയും ദിവസം തമ്മിൽ കാണാതിരിക്കുന്നത് ആദ്യമാണ് ..." ഷാങ്ങിന്റെ വാക്കുകളിൽ ആഹ്ലാദം നിറഞ്ഞു.
രണ്ടര മാസമായി മറ്റ് ദേശങ്ങളിൽ ജോലിക്ക് പോകാൻ കഴിയാതിരുന്ന നിരവധി ചെറുപ്പക്കാരും വാഹനങ്ങളുമായി നിരത്തിൽ എത്തി. നേരം പുലർന്നാൽ ഉണ്ടാകുന്ന അമിതമായതിരക്കിൽ നിന്ന് രക്ഷപ്പെടാൻ രാത്രി തന്നെ യാത്രയ്‌ക്കിറങ്ങിയവരാണ്.
നഗരം വീണ്ടും തുറക്കുന്നത് ആഘോഷമാക്കാൻ അധികാരികൾ തന്നെ മുൻകൈ എടുക്കുകയായിരുന്നു. അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയ കാമ്പെയിൻ തന്നെ നടത്തിയിരുന്നു. ലൈറ്റ് ഷോയും ആസൂത്രണം ചെയ്തു.വിമാനത്താവളവും റെയിൽവേ സ്റ്റേഷനുകളും ബസ് ടെർമിനലുകളും ഫാക്‌ടറികളും
വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. കൂറ്റൻ കെട്ടിടങ്ങളിൽ 'ഹലോ വുഹാൻ ' എന്ന വാക്കുകൾ വർണ ദീപങ്ങളിൽ തെളിഞ്ഞു.
ഓൺലൈൻ മാദ്ധ്യമങ്ങളിൽ വുഹാന് ആശംസകൾ നിറഞ്ഞു. ലോക്‌ഡൗൺ കാലത്തെ സർഗപ്രവർത്തനങ്ങളുടെ ലിസ്റ്റ് നിരത്തിയവരും കുറവല്ല. പത്ത് കിലോ ഭാരം കുറച്ചു, രണ്ട് പുസ്‌തകങ്ങൾ വായിച്ചു, പുതിയ ഹെയർ ഡ്രസിംഗ് പരീക്ഷിച്ചു, ദിവസവും എട്ട് മണിക്കൂർ ഉറങ്ങി അങ്ങനെ പോകുന്നു പരീക്ഷണങ്ങൾ.
വുഹാനിലെ വിമാനസർവീസുകൾ ഇന്നലെ പുനരാരംഭിച്ചു. ചൈന ഈസ്റ്റേൺ എന്ന എയർലൈൻ കമ്പനിയിൽ ഷാങ്ഹായ്, ഷെൻസെൻ, ഗുവാങ്സു നഗരങ്ങളിലേക്ക് 1600ലേറെ ട്രിപ്പുകൾക്കാണ് ബുക്കിംഗ് ലഭിച്ചത്. അതുപോലെ നഗരത്തിന് പുറത്തേക്കുള്ള ട്രെയിനുകളിൽ 55,000 യാത്രക്കാരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ദീർഘദൂര ബസ് സർവീസുകളിലും ബുക്കിംഗിന്റെ തിരക്കാണ്.
ഏതാനും ആഴ്ചകളായി നഗരത്തിൽ ലോക്ഡൗൺ കുറച്ച് ഇളവ് ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെമുതൽ ആരോഗ്യ വകുപ്പിന്റെ പച്ചക്കാർഡ് ഉള്ളവർക്കെല്ലാം സഞ്ചാരസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മാസങ്ങളായി വഴിയരികിൽ ആളില്ലാതെ പാർക്ക് ചെയ്‌തിരുന്ന കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും ഇന്നലെ വീണ്ടും ജീവൻ വച്ചു.