തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ജില്ലയിലെ ആശുപത്രികളിൽ അണുനശീകരണ ഇടനാഴികൾ സ്ഥാപിക്കും. മെഡിക്കൽ കോളേജ്, എസ്.എ.ടി, ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, പേരൂർക്കട, നെടുമങ്ങാട് എന്നീ ജില്ലാ ആശുപത്രികളിലാണ് അണുനശീകരണ ഇടനാഴികൾ സ്ഥാപിക്കുക. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,​ സൂപ്രണ്ട് എന്നിവരുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മെഡിക്കൽ കോളേജിൽ മൂന്നു പ്രധാന പ്രവേശന കവാടങ്ങളായ ഒ.പി, സൂപ്പർ സ്‌പെഷ്യാലിറ്റി, അത്യാഹിതവിഭാഗം എന്നിവിടങ്ങളിലും എസ്.എ.ടിയിലെ പ്രധാന കവാടത്തിലുമാണ് ഇടനാഴികൾ സ്ഥാപിക്കുക. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, പേരൂർക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിലെ മുഖ്യകവാടങ്ങളിലും ഇടനാഴികൾ സ്ഥാപിക്കും. ഇന്ന് രാവിലെ 11ന് മെഡിക്കൽ കോളേജിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യത്തെ അണുനശീകരണ ഇടനാഴിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. കൊല്ലം ആസ്ഥാനമായ ഭാരത് എയറോസോൾ ഇന്റസ്ട്രിയാണ് ജില്ലയിൽ അണുനശീകരണ ഇടനാഴികൾ നിർമ്മിക്കുന്നത്.