ലോക്ക് ഡൗണിലും ഇന്റർ നാഷണൽ ഒാൺലൈൻ ടൂർണമെന്റിൽ വിജയം നേടി ചെസ് ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ
കൊവിഡ് കാലത്ത് വീടിനുള്ളിൽ ലോക്ക് ഡൗൺ ആണെങ്കിലും ചതുരംഗക്കളത്തിൽ പോരാട്ടം തുടരുകയാണ് മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ. വിദേശരാജ്യങ്ങളിൽ ടൂർണമെന്റുകൾക്ക് പോകാൻ കഴിയാത്തതിനാൽ വീട്ടിനുള്ളിലെ കമ്പ്യൂട്ടറാണ് നാരായണന്റെ കളിക്കളം. നാരായണൻ മാത്രമല്ല ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഉൾപ്പടയുള്ളവർക്ക് ഇപ്പോൾ ഒാൺലൈൻ ചെസ് ടൂർണമെന്റുകളാണ് ആശ്രയം.
chess24.com ലെ വേൾഡ് കപ്പ് ഫോർമാറ്റിലുള്ള ബാന്റർ ബ്ളിറ്റ്സ് ചെസ് ടൂർണമെന്റിലാണ് നാരായണൻ ഇപ്പോൾ മത്സരിക്കുന്നത്. ഇൗ ടൂർണമെന്റിൽ ഒപ്പം മത്സരിക്കുന്നത് കാൾസൻ ഉൾപ്പടെയുള്ള പ്രഗത്ഭരാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വെനിസ്വേലക്കാരൻ എഡ്വാർഡോ ഇറ്റുരിസാഗയെ കീഴടക്കി നാരായണൻ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സെമിയിൽ ഇറാനിയൻ കൗമാര താരം അലിറേസ ഫിറൗസയാണ് എതിരാളി. നാളെയാണ് ഇൗ മത്സരം തുടങ്ങുന്നത്. സെമിയിൽ ജയിച്ചാൽ സാക്ഷാൽ മാഗ്നസ് കാൾസണെ ഫൈനലിൽ നേരിടാം.16 റൗണ്ടുകളായാണ് മത്സരം. ഏറ്റവുമാദ്യം എട്ടരപ്പോയിന്റിലെത്തുന്നയാൾ വിജയിയാകും.
ഇടയ്ക്കുള്ള വൈദ്യുതത്തകരാറും ഇന്റർനെറ്റ് കണക്ഷന്റെ നേരിയ പ്രശ്നങ്ങളുമല്ലാതെ ഒാൺലൈൻ ചെസിന് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് നാരായണൻ പറയുന്നു. ചെസ് പരിശീലനകാലം മുതൽ കമ്പ്യൂട്ടറാണ് സഹായി. അതുകൊണ്ടുതന്നെ ഏറെനേരം കമ്പ്യൂട്ടറിന് മുന്നിൽ ചെലവിടുന്നതിൽ മടുപ്പ് തോന്നാറില്ല. ടൂർണമെന്റിനൊപ്പം പരിശീലനവും ഒാൺലൈനായി തുടരുന്നുണ്ട്.
തിരുവനന്തപുരം മണ്ണന്തലയിലുള്ള വീട്ടിലാണ് നാരായണൻ ഇപ്പോൾ. അച്ഛനും അമ്മയും സഹോദരിയും ഒപ്പമുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഇത്രയും ദിവസങ്ങൾ എല്ലാവരും ഒന്നിച്ച് വീട്ടിൽ കഴിയുന്നതെന്ന് നാരായണൻ പറയുന്നു.നേരത്തേ മിക്കവാറും നാരായണനും പിതാവും മത്സരങ്ങൾക്കായുള്ള യാത്രയിലായിരിക്കും.അമ്മ ലൈന എൽ.ഐ.സി ജീവനക്കാരിയും.സഹോദരി ഡൽഹിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. തന്നെ കളിപഠിപ്പിച്ച അമ്മയ്ക്കൊപ്പം കരുക്കൾ നീക്കാൻ സമയം കിട്ടിയതാണ് ഇപ്പോഴത്തെ നാരായണന്റെ സന്തോഷം. ലോക്ക്ഡൗണിൽ പതിവ് വ്യായാമവും യോഗയും മുടക്കിയിട്ടില്ല.വീട്ടിനുള്ളിൽതന്നെയാണ് വ്യായാമം.
കൊവിഡ് രോഗം വരാതിരിക്കാൻ നമ്മൾ ക്ഷമയോടെ വീട്ടിലിരുന്നേ മതിയാകൂ. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് ചെസ് കളിക്കാനും സമയം കണ്ടെത്തൂ. രോഗം ബാധിച്ച എല്ലാവരും വേഗം സുഖപ്പെടണമെന്ന് പ്രാർത്ഥിക്കുന്നു. ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഹൃദയത്തിൽത്തൊട്ട് നന്ദി.
എസ്.എൽ നാരായണൻ