തിരുവനന്തപുരം:വലിയതുറക്കാർക്ക് പ്രതിരോധം തീർക്കേണ്ടത് കൊവിഡ് 19 ഭീതിക്കൊപ്പം കടലിനോടും. ഏതാനും ദിവസങ്ങളായി വലിയതുറയിൽ രൂക്ഷമായ കടൽക്ഷോഭം തുടരുകയാണ്. അഞ്ചു ദിവസത്തിനിടെ മുപ്പത് വീടുകൾ തകർന്നു.10 വീടുകൾ പൂർണമായി കടലെടുത്തു.ബെന്നി എബ്രഹാം, ശാന്തി, കല, ഔസേപ്പ്, ബേബി, തോമസ്, കാർമൽ ജയ, ജോർജ്, മൈക്കിൾ, അന്തോണി എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്.ഇന്നലെ മൂന്ന് വീടുകളാണ് തകർന്നത്. ഭാഗികമായി തക‌ർന്ന വീടുകളിൽ ചിലതിൽ ഇപ്പോഴും താമസക്കാരുണ്ട്. ഏത് നിമിഷവും തിരമാല കലിതുള്ളുമെന്ന ആശങ്കയുണ്ടെങ്കിലും ഇവർക്ക് പോകാൻ വേറെ ഇടമില്ലത്രെ. വലിയ പാറക്കല്ലുകൾ തീരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂറ്റൻ തിരമാലകളെ തടയാൻ അതിന് കഴിയുന്നില്ല. മത്സ്യബന്ധനത്തിന് പോയ നിരവധി ബോട്ടുകൾ വലിയ തിരമാലകൾ കാരണം കരയ്ക്കടുക്കാനാകുന്നില്ല.15 മീറ്ററോളം കരയിലേക്ക് കയറിയ കടൽ ഇനിയും രൂക്ഷമായാൽ സ്ഥിതി വഷളാകുമെന്ന ഭീതിയിലാണ് ഇവടത്തുകാർ. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ ശേഷിക്കുന്ന വീടുകളും കടലെടുക്കുമെന്നാണ് തീരദേശവാസികൾ പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പ്

നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയും ആളുകളെ ഉൾക്കൊള്ളിക്കാൻ ഇടമില്ല

മൂന്ന് വർഷമായി കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ ഈ ക്യാമ്പുകളിലുണ്ട്

ക്യാമ്പ് ഒരുക്കിയെങ്കിലും സർക്കാർ പ്രതിനിധികൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലത്രെ

ഏപ്രിൽ ഒന്ന് മുതൽ മൂന്ന് നേരം സൗജന്യ ഭക്ഷണം ലഭിക്കുന്നു

.പോർട്ട് ഗോഡൗൺ,വലിയതുറ യു.പി സ്കൂൾ,ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ

ഏപ്രിൽ, മേയ് മാസങ്ങളിലാണ് പൊതുവേ കടൽക്ഷോഭമുണ്ടാകാറുള്ളത്

 എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായാണ് കനത്ത നാശനഷ്ടമുണ്ടായത്

സമരം നടത്തിയിട്ടും

കടൽഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.വലിയതുറ സെയിന്റ് ആന്റണീസ് പള്ളിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് ജിയോളജി ഡിപ്പാർട്ട്മെന്റ് കടൽഭിത്തി നിർമ്മിക്കാനാവശ്യമായ കല്ലിന് അനുമതി നൽകുകയും റവന്യു ഡിപ്പാർട്ട്മെന്റ്, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

കടൽഭിനിർമ്മാണം

വലിയതുറ മുതൽ ശംഖുംമുഖം വരെയാണ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്

സർക്കാർ അനുവദിച്ച തുകയ്ക്ക് ഇത് പ്രാവർത്തികമാവില്ല

വലിയതുറ പാലം മുതൽ കടൽഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് 19 കാരണം നിറുത്തിവയ്ക്കേണ്ടി വന്നു

നിർമ്മാണം ആരംഭിച്ച സ്ഥലങ്ങളിലെ വീടുകൾക്ക് ഭാഗികമായ നാശം സംഭവിച്ചു

സംരക്ഷണമില്ലാത്ത സ്ഥലത്തെ വീടുകളെ പാടേ കടലെടുത്തു

" കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പത്ത് ലക്ഷം രൂപ നൽകുന്നുണ്ടെങ്കിലും പുതിയ സ്ഥലം വാങ്ങി വീട് വയ്ക്കാൻ ഈ തുക മതിയാകുന്നില്ല.ഇവർക്ക് സർക്കാ‌ർ കൂടുതൽ തുക അനുവദിക്കണം.വലിയതുറയിലെ കടൽഭിത്തി നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും തീരുമാനിച്ചത്ര ദൂരം അനുവദിച്ച തുകയുടെ അടിസ്ഥാനത്തിൽ ഭിത്തികെട്ടാനാകുമോ എന്നത് നിശ്ചയമില്ല."

- ഷീബാ പാട്രിക്ക്, വലിയതുറ വാർഡ് കൗൺസിലർ