തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർ. ഇതിൽ നാലു പേർ വിദേശത്തു നിന്നു വന്നവരാണ്. രണ്ടു പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും മൂന്ന് പേർക്കു സമ്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്.
ഇന്നത്തെ റിപ്പോർട്ടോടുകൂടി സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂർ ജില്ലകളിൽനിന്ന് മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് രണ്ടുപേർവീതവും കണ്ണൂർ ജില്ലയിൽനിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്റെ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് നോർക്കയുടെ ഹെൽപ് ഡെസ്‌ക് ആരംഭിക്കും.
കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്‌ടർമാർ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്‌നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും മംഗളൂരുവിലേക്ക് പോയാൽ മതി. ലോക്ക് ഡൗൺ ലംഘനത്തിൽ പിടികൂടുന്ന വാഹനം പിടിച്ചെടുക്കുന്നതിനു പകരം പിഴ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കലാകാരൻമാർക്ക് ആയിരം രൂപ നിരക്കിൽ രണ്ട് മാസം സഹായം നൽകും. സാംസ്‌കാരിക പ്രവർത്തന ക്ഷേമ നിധിയിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് സഹായം. പൊതു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി തൊഴിലാളികൾക്ക് ആയിരം രൂപയും തോട്ടം തൊഴിലാളികൾക്ക് രണ്ട് മാസം ആയിരം രൂപ വീതവും നൽകും.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ പരീക്ഷകളുടെ മൂല്യ നിർണ്ണയവും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഏതെല്ലാം കോഴ്സുകളും പരീക്ഷാ മൂല്യ നിർണ്ണയവും ഓൺലൈനാക്കാൻ സാധിക്കുമെന്നത് പഠിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.