ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ നിന്നൊരു വേണുഗാനം. വീട്ടുകാരൻ ഓടക്കുഴൽ വായിക്കുകയാണ്. വ്യവസായ പ്രമുഖൻ, ലോകത്തു തന്നെ ഏറ്റവുമധികം വില്ക്കപ്പെടുന്ന ആയുർവേദ സോപ്പ് ബ്രാൻഡിന്റെ ഉടമസ്ഥൻ, സിനിമാ നിർമ്മാതാവ്, ചെന്നൈയിലെ അറിയപ്പെടുന്ന നാടക നടൻ, ചലച്ചിത്ര അഭിനേതാവ്... മെഡിമിക്സ് എന്ന വ്യാപാരമുദ്രയിൽ നിന്ന് വിജയങ്ങളുടെ ഭൂപടമെഴുതിയ എ.വി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ്, കൊവിഡിന്റെ ഒഴിവുകാലത്ത് മനസ്സിലേക്കു തന്നെ ഒരു ദീർഘയാത്രയിലാണ്. അവിടെ സംഗീതമുണ്ട്, വായനയുണ്ട്, സിനിമയുണ്ട്, ധ്യാനമുണ്ട്...
ദക്ഷിണേന്ത്യയിൽ മാത്രം എ.വി.എ ഗ്രൂപ്പിനു കീഴിൽ മെഡിമിക്സിന് ആറു നിർമ്മാണ കേന്ദ്രങ്ങൾ. ഗ്രൂപ്പിനു കീഴിൽ കറി മസാല പൗഡർ ബ്രാൻഡ് ആയ 'മേള"ത്തിന്റെ ഫാക്ടറികൾ കേരളത്തിൽ. ലോക്ക് ഡൗണിൽ എല്ലാം അടച്ചുപൂട്ടി. എറണാകുളത്ത്, കാക്കനാട്ടാണ് എ.വി.എ ഗ്രൂപ്പിന്റെ അത്യാധുനിക ആയുർവേദിക് ഹോസ്പിറ്റൽ 'സഞ്ജീവനം". മെഡിക്കൽ ടൂറിസം മുന്നിൽക്കണ്ട് ഒരു വർഷം മുമ്പ് തുടങ്ങിയ സംരംഭവും കൊവിഡ് ലോക്ക് ഡൗണിൽ. 'അമ്പിളി"ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി എ.വി.എ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'പട"യുടെ ചിത്രീകരണം പാതിവഴിയിൽ നിറുത്തിവച്ചു... നിനച്ചിരിക്കാതൊരു വഴിത്തിരിവിൽ വാതിലുകൾ ഒന്നൊന്നായി അടഞ്ഞപ്പോൾ എ.വി. അനൂപ് മറ്റൊരു വാതിൽ തുറക്കുകയായിരുന്നു. സ്വന്തം ഇഷ്ടങ്ങളിലേക്കു തുറക്കുന്ന ധ്യാനനിമിഷങ്ങളുടെ ചെറുവാതിൽ...
ഓടക്കുഴലിന്റെ രഹസ്യം
ഓടക്കുഴൽ പണ്ടേ ഇഷ്ടമായിരുന്നെങ്കിലും പതിവായി പരിശീലിക്കാൻ നേരമില്ലായിരുന്നു. എന്തുകൊണ്ട് ഓടക്കുഴലെന്ന ചോദ്യത്തിന്, നർമ്മം പതയുന്നൊരു ചിരിയാണ് അനൂപിന്റെ മറുപടി: എത്ര പ്രായമായാലും, എവിടേക്കായാലും കൂടെ കൊണ്ടുപോകാൻ പറ്റുന്നത്ര ഭാരക്കുറവാണല്ലോ അതിന് ! ബാഗിന്റെ ഒരു മൂലയിലിരുന്നോളും! നല്ല ശ്വസന വ്യായാമവുമാണ്. പണ്ടേ പ്രാണായാമം ശീലിക്കുന്നുണ്ട്. ഓടക്കുഴൽ വായന തുടങ്ങിയതോടെ ആത്മാവിലേക്ക് ആകാശം സംഗീതംപോലെ വന്നുനിറയുന്നത് അനുഭൂതിയോടെ തിരിച്ചറിയാനാവുന്നു.
വായന ഇഷ്ടമായിരുന്നെങ്കിലും ഇരുന്നു വായിക്കാൻ സമയമില്ലെന്ന സങ്കടവും മാറി. ഇപ്പോൾ വായനമുറിയിലെ മേശപ്പുറത്ത്, അശോകൻ വേങ്ങാശേരി കൃഷ്ണൻ എഴുതിയ 'ശ്രീനാരായണഗുരു: ദ പെർഫക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര" പാതിവായിച്ച അടയാളവുമായുണ്ട്. മരുഭൂമിയിൽ വസന്തനഗരം പണിത വിസ്മയ കഥ പറയുന്ന യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ 'മൈ സ്റ്റോറി", വായിച്ചുതീർത്ത പുസ്തകങ്ങളുടെ അടുക്കിൽ മുകളിലിരിക്കുന്നു. ലോക്ക് ഡൗണിന്റെ ദിനങ്ങളിൽ ഞാൻ എന്നെത്തന്നെ പൊടിതട്ടിയെടുക്കുകയായിരുന്നു എന്നു പറയുന്നതാണ് ശരിയെന്ന്, അനൂപിന്റെ തിരിച്ചറിവ്.
എത്രയെത്ര രംഗപടങ്ങൾ
നാടകമായിരുന്നു ചെറുപ്പത്തിൽ അനൂപിന്റെ മനസു നിറയെ. ഇരുപത്തിയൊന്നാം വയസ്സിൽ ചെന്നൈയിലെത്തി, അമ്മാവന്റെ ബിസിനസ് സംരംഭത്തിന്റെ ചുമതല ഏറ്റെടുക്കുകയും, പിന്നീട് ബിസിനസിൽ പുതുവേദികൾ തേടുകയും ചെയ്തപ്പോഴും അനൂപിന്റെ ഇഷ്ടങ്ങളിൽ നാടകത്തിനു തിരശ്ശീല വീണില്ല. പകരം, അത് പുതിയ വേദികളിലേക്ക് രംഗപടം മാറ്റി. ചെന്നൈയിൽ ടീം ആർട്സിന്റെ സാരഥി കൂടിയായ എ.വി. അനൂപിന്റെ നേതൃത്വത്തിൽ എല്ലാ വർഷവുമുണ്ട്, നാടകാവതരണം. ബംഗാളി രചനയായ 'രണ്ടാം ജന്മ"ത്തിന്റെ പുനരാവിഷ്കാരമായിരുന്നു കഴിഞ്ഞ വർഷം. അതിനു മുമ്പ് ടി.എൻ. ഗോപിനാഥൻ നായരുടെ വിഖ്യാത നാടകമായ 'പരീക്ഷ". പണ്ട് തിക്കുറിശ്ശി അഭിനയിച്ച വേഷത്തിൽ അനൂപ്. ഭാര്യ വി.എസ്. പ്രിയയും മക്കൾ ലാഞ്ഛനയും പ്രതീക്ഷയുമൊക്കെ പലപ്പോഴും അരങ്ങിലുണ്ടാകും.
പ്രിയയുടെ വിഷയം പാചകം. അടുക്കളപ്പാചകത്തിനു പുറത്ത് കുറെക്കൂടി വിശാലമാണ് പ്രിയയുടെ രുചിലോകം. എ.വി.എ ഗ്രൂപ്പിന്റെ കറി പൗഡർ ബ്രാൻഡ് ആയ 'മേള"ത്തിന്റെ റെസിപ്പികൾ സർട്ടിഫൈ ചെയ്യുന്നത് പ്രിയയാണ്. ചെന്നൈയിൽ ഗ്രൂപ്പിനു കീഴിലുള്ള സഞ്ജീവനം വെജിറ്റേറിയൻ റസ്റ്റോറന്റ് ശൃംഖലയുടെ രുചിവിജയങ്ങൾക്കു പിന്നിലും പ്രിയയുടെ കൈപ്പുണ്യം തന്നെ. ഇപ്പോൾ പെൺമക്കൾ കൂടി അടുക്കളയിൽ കയറിയിരിക്കുന്നതു കൊണ്ട് അവിടം സ്ത്രീപക്ഷമായി! നമ്മൾ ഡൈനിംഗ് ടേബിളിൽ ഇരുന്നുകൊടുത്താൽ മതി.
രണ്ടു പെൺമക്കളിൽ ലാഞ്ഛന പഠിച്ചത് നിയമവും മാനേജ്മെന്റും. ഇളയ മകളുടേത് ക്രിയേറ്റീവ് ലോകമാണ്. ഫൈൻ ആർട്സ് ബിരുദവും ലണ്ടനിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റിയും നേടിയ പ്രതീക്ഷ ഓൺലൈനിൽ ഫാഷൻ ഡിസൈനിംഗ് പരീക്ഷണങ്ങൾ തുടരുന്നു. കാക്കനാട്ടെ സഞ്ജീവനം ആശുപത്രിയുടെയും മേളം ബ്രാൻഡിന്റെയും കാര്യങ്ങൾ നോക്കുന്നത് ലാഞ്ഛനയുടെ ഭർത്താവ് വിവേക് വേണുഗോപാൽ. പ്രതീക്ഷയുടെ ഭർത്താവ് ഡോ. പ്രശാന്ത്. അവർ കുടുംബസമേതം ചെന്നൈയിൽ അടുത്തു തന്നെ.
തലമുറകൾ
ഒരുമിച്ച്
ലോക്ക് ഡൗൺ വന്നതോടെ അണ്ണാ നഗറിലെ വീട്ടിൽ മെഡിമിക്സ് കുടുംബം സമ്പൂർണമായും ഉണ്ട്. അനൂപിന്റെ അമ്മയെക്കൂടി ചേർത്ത് നാലു തലമുറകൾ. കൊവിഡ് പ്രതിരോധം സന്ദേശമാക്കി കുടുംബാംഗങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്ന ഒരു ഷോർട്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ടു. എൺപതു കടന്ന അമ്മ തൊട്ട്, കൊച്ചുമക്കൾ വരെ എത്തുന്ന വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ വൈറൽ.
ലോക്ക് ഡൗൺ ആണെങ്കിലും ദിനചര്യങ്ങൾക്ക് വ്യത്യാസം വന്നിട്ടില്ലെന്ന് അനൂപ് പറയുന്നു. രാവിലെ ടെറസിൽ കുറെനേരം വ്യായാമം. ഫിസിക്കൽ ട്രെയിനറുടെ വരവ് ലോക്ക് ഡൗണിൽ കുടുങ്ങിയപ്പോൾ അനൂപ് തനിച്ചായി ടെറസിൽ. ഈശ്വര വിശ്വാസമുണ്ടെങ്കിലും ക്ഷേത്ര ദർശനം പതിവില്ല. ഉള്ളിലെ വിശ്വാസം ഓടക്കുഴൽപ്പാട്ടുകളായി പുറത്തേക്കു പടരും. പത്രം വായനയ്ക്ക് ഒരു മണിക്കൂർ. കുറെനേരം വീട്ടിലെ ഇൻഡോർ സ്വിമ്മിംഗ് പൂളിൽ കൊച്ചുമക്കളെ നീന്തൽ പഠിപ്പിക്കും. പിന്നെ, ദിവസവും ടിവിയിൽ ഒരു സിനിമയെങ്കിലും കാണും. അതിന് ഭാഷ നോട്ടമില്ല. മലയാളം മുതൽ ഹോളിവുഡ് വരെ പ്രിയം.
എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുറെ നല്ല മലയാളചിത്രങ്ങൾ നിർമ്മിക്കാനായത് സന്തോഷം. എസ്ര, ഓള്, ഇഷ്ക്, ഗപ്പി, അമ്പിളി... എല്ലാം പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങൾ. അങ്ങനെ ഇരുപതിലധികം സിനിമയെടുത്തു. അതിനിടെ സ്വന്തം ചില ചിത്രങ്ങളിൽ അഭിനയം. 'അപ്പുവിന്റെ അന്വേഷണങ്ങൾ' റഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ബഹുമതികൾ നേടി. അതിലെ പ്രധാന കഥാപാത്രമാണ്. തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുമ്പോഴാണ് കൊവിഡ് വന്ന് 'കട്ട്' പറഞ്ഞത്. സ്വപ്നങ്ങൾ പൂക്കുന്ന കാടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയായിരുന്നു. അതിനും ബ്രേക്ക്.
എ.വി.എ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ബ്രാൻഡ് ആണ് കെയ്ത്ര. പേരു കേട്ട് നെറ്റി ചുളിച്ചാൽ അനൂപ് വ്യാഖ്യാനിച്ചുതരും: കായ- കേശ- സൂത്ര! ഹെയർ കെയർ ആൻഡ് ബ്യൂട്ടി പ്രോഡക്ടുകളാണ് എല്ലാം. രണ്ടു വർഷമേ ആയുള്ളൂ തുടങ്ങിയിട്ട്. അപ്പോഴേക്കും ആദ്യ പ്രളയം. പിന്നെ നിപ വന്നു; ഇപ്പോൾ കൊവിഡും.മെഡിമിക്സ്, മേളം, സഞ്ജീവനം ബ്രാൻഡുകളെല്ലാം മാർക്കറ്റിൽ അത്രയും വിശ്വാസ്യത നേടിയവയായതുകൊണ്ട്, പ്രതിസന്ധിയുടെ കാലം കഴിഞ്ഞ് പുനരവതരണത്തിന്റെ ടെൻഷൻ വേണ്ടെന്ന സമാധാനമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വിശ്വസ്ത ബ്രാൻഡുകളിലൊന്നായി ടൈംസ് ഒഫ് ഇൻഡ്യ ഗ്രൂപ്പ് തിരഞ്ഞെടുത്തവയുടെ പട്ടികയിലുണ്ട്, മെഡിമിക്സ്.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ളോബൽ ചെയർമാൻ കൂടിയായ എ.വി. അനൂപിന്റെ ലോകത്തിന് ആഗോളവിസ്തൃതിയുണ്ട്. ഏതു വിസ്തൃതിയിലേക്കു പറന്നാലും മടങ്ങിയെത്തിയാൽ അധികവും വീട്ടിൽ. ചെന്നൈയിലെ കോർപറേറ്റ് ഓഫീസിനു പുറമെ, വീട്ടിലുമുണ്ട് ഓഫീസ്. വ്യവസായങ്ങൾ വാതിലടച്ചപ്പോൾ താനേ തുറന്നുകിട്ടിയ സ്വകാര്യ ഇഷ്ടങ്ങളുടെ ദ്വീപിൽ വായനയുടെ ധ്യാനത്തിലുണരുമ്പോൾ, പുതിയ തിരിച്ചറിവുകളുടെ പ്രപഞ്ചം മുന്നിലുണ്ട്. അണ്ണാ നഗറിലെ വീട്ടിൽ നിന്ന് വീണ്ടും, വീട്ടുകാരന്റെ വേണുനാദം!