lockdown
LOCKDOWN,MADHYAPREDESH,COVID 19,

വാഷിംഗ്ടൺ:വായു മലിനീകരണം രൂക്ഷമായ പ്രദേശങ്ങളിൽ കൊവിഡ് പടർന്നാൽ മരണം കൂടുതലായിരിക്കുമെന്ന് അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിലെ ശാസ്‌ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നു.

വായു മലിനീകരണം മനുഷ്യരുടെ ശ്വസന വ്യവസ്ഥയെ തകരാറിലാക്കും. കൊവിഡ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ അപകടസാദ്ധ്യത കൂടുതലാണ്. അന്തരീക്ഷത്തിലെ പി.എം 2.5 എന്ന മാലിന്യ കണങ്ങളാണ് ശ്വസന വ്യവസ്ഥയെ ദു‌ർബലമാക്കുന്നത്.

അന്തരീക്ഷത്തിൽ പി.എം 2.5 കണങ്ങളുടെ അളവ് ഒരു ഘന മീറ്ററിൽ ഒരു മൈക്രോഗ്രാം കൂടിയാൽ പോലും കൊവിഡ് മരണനിരക്കിൽ 15 ശതമാനം വർദ്ധനയുണ്ടാകും. മലിനീകരണം കൂടിയ സ്ഥലങ്ങളിൽ സാമൂഹ്യ അകലം ഉൾപ്പെടെ നിയന്ത്രണങ്ങൾ അതീവ കർശനമാക്കണമെന്നും പഠനം പറയുന്നു.

പി.എം 2.5

വായുവിലെ ഖരവസ്‌തുക്കളും ദ്രവ വസ്‌തുക്കളും ചേർന്നുണ്ടാകുന്ന സൂക്ഷ്മ കണങ്ങൾ

ട്രാഫിക്,​ നിർമ്മാണ സൈറ്റുകൾ,​ തീ,​പുക,​ ഫാക്‌‌ടറികൾ,​ പെട്രോളിയം ജ്വലനം തുടങ്ങി നിരവധി ഉറവിടങ്ങളിൽ നിന്ന് ഈ കണികകൾ ഉണ്ടാകാം

സൾഫർ ഡയോക്സൈഡ്,​ നൈട്രജൻ ഓക്‌സൈഡുകൾ തുടങ്ങിയ രാസവസ്‌തുക്കൾ അന്തരീക്ഷത്തിൽ പ്രതിപ്രവർത്തിച്ചാണ് വിഷക്കണങ്ങൾ ഉണ്ടാകുന്നത്.

കരി,​ പുക തുടങ്ങിയവയുടെ കണങ്ങൾ നേരിട്ട് കാണാം

സൂക്ഷ്മ കണങ്ങൾ കാണാൻ ഇലക്ട്രോൺ മൈക്രോസ്കോപ് വേണ്ടിവരും.

അപകടം ഇങ്ങനെ

വായു മലിനീകരണം അണുബാധ തടയാനുള്ള ശ്വാസകോശത്തിന്റെ ശേഷി നശിപ്പിക്കും.

കൊവിഡ് വൈറസ് ബാധിച്ചാൽ മരണ സാദ്ധ്യത വർദ്ധിപ്പിക്കും

 രോഗാണുക്കളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്ന ആദ്യത്തെ കവചമായ സൂക്ഷ്മ രോമങ്ങൾ പോലുള്ള സീലിയ ദുർബലമാകും.

അണുക്കളെ നശിപ്പിക്കാൻ സീലിയയ്‌ക്ക് കഴിയാതെ വരും.

കൊവിഡ് അണുക്കൾ പെരുകി രോഗം ഗുരുതരമാക്കും

ശ്വാസകോശത്തിന്റെ ശേഷി കുറയും

ശ്വാസ തടസമുണ്ടായി മരണത്തിലേക്ക് നീങ്ങും.

 ഒരു ഘനമീറ്റർ വായുവിൽ 13 മൈക്രോഗ്രാമിൽ കൂടുതൽ പി.എം 2.5 കണങ്ങൾ ഉണ്ടെങ്കിൽ അന്തരീക്ഷ മലിനീകരണം എന്നാണ് പഠനത്തിൽ നിർവചിച്ചിരിക്കുന്നത്.

 അമേരിക്കയിൽ ദേശീയ ശരാശരി 8.4 ആണെങ്കിലും പല സ്ഥലങ്ങളിലും അമിതമാണ്.

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന സുരക്ഷാ പരിധി 10 മൈക്രോഗ്രാം ആണ്.

ഇറ്റലിയിലെ മിലനിൽ വായുമലിനീകരണം രൂക്ഷമായിരുന്നു. അവിടെ കൊവിഡ് അതീവ മാരകമായാണ് പ്രഹരിച്ചത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോകമെമ്പാടും ഇപ്പോൾ വായു മലിനീകരണം കുറഞ്ഞിട്ടുണ്ട്.

ഈ നിലവാരം നേരത്തേ ഉണ്ടായിരുന്നെങ്കിൽ കൊവിഡ് മരണത്തിൽ 36,000 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു.

ചൈനയിലെ ലോക്ക്ഡൗൺ അവിടത്തെ ചില നഗരങ്ങളിലെ വായു മലിനീകരണം നാലിലൊന്നായി കുറച്ചു.

ഇന്ത്യയ്ക്കും മുന്നറിയിപ്പ്;കേരളം സുരക്ഷിതം

വായുമലിനീകരണം രൂക്ഷമായ ഇന്ത്യയിലെ ഡൽഹി,മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പഠനം.

അതേസമയം കേരളത്തിലെ അന്തരീക്ഷം ഏറെ ശുദ്ധവുമാണ്.ഏപ്രിൽ ആദ്യവാരം വായു ഗുണനിലവാര സൂചികയിൽ കൊച്ചിയും കോഴിക്കോടും മികച്ചനിലവാരത്തിൽ എത്തിയിരുന്നു.