covid19

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് സ്വദേശി പോൾ (27), കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസഫ് (64), തൊടുപുഴ സ്വദേശി മറിയാമ്മ മാത്യു (80), തൃശൂർ സ്വദേശി ടെന്നിസൺ (82) എന്നിവരാണ് അമേരിക്കയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞദിവസം മരിച്ചത്. യു.എസ് ഉൾപ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിലായി പൊലിഞ്ഞ മലയാളികളുടെ എണ്ണം ഇതോടെ 25 ആയി.

കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് സാബു എൻ. ജോണിന്റെ മകനാണ് പോൾ. ഇവരുടെ കുടുംബം ടെക്സാസിൽ സ്ഥിരതാമസമാണ്. കോളേജ് ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗബാധയേറ്റത്. നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ.ബി.എമ്മിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: കടുവത്തിങ്കൽ ജെസി. സഹോദരൻ: ഡേവിഡ്.

ന്യൂയോർക്ക് മെട്രോ സ്റ്റേഷൻ ട്രാഫിക് കൺട്രോളറായിരുന്നു ഫിലാഡൽഫിയയിലെ താമസക്കാരനായ ലാലു പ്രതാപ്. കോഴഞ്ചേരി തെക്കേമല പേരകത്ത് പരേതരായ ജോസഫിന്റെയും (മിലിട്ടറി) മറിയാമ്മ ജോസഫിന്റെയും (ഹെഡ്മിസ്ട്രസ്) മകനാണ്. മാർച്ച്‌ 16 മുതൽ ചികിത്സയിലായിരുന്നു. ഫിലാഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ചിന്റെ സ്ഥാപകരിലൊരാളും ഡയോസിസ് പ്രതിനിധിയുമായിരുന്നു. ഭാര്യ: റെയ്ച്ചൽ ജോസ്. മക്കൾ: ബെനി ജോസ്, ജെയ്നി ജോസ്. മരുമക്കൾ: കോറിൻ, പർസ. സംസ്കാരം പിന്നീട്. ഫോൺ: 949590167

ന്യൂയോർക്കിലെ ഹൈഡ് പാർക്കിലായിരുന്നു മറിയാമ്മയുടെ മരണം. കരിങ്കുന്നം കറുത്തേടത്ത് പുത്തൻപുരയിൽ പരേതനായ കുരുവിളയുടെ മകളും തൊടുപുഴ നെടിയശാല പുത്തൻവീട്ടിൽ മാത്യു കോശിയുടെ ഭാര്യയുമാണ്. നഴ്‌സായ മറിയാമ്മ 40 വർഷമായി അമേരിക്കയിലാണ്. അഞ്ച് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം പിന്നീട്. മക്കൾ: വിനി, വിജു, ജിജു. മരുമക്കൾ: ഫോമ, ഷിജി, സബ്ലിയ.

82 കാരനായ ടെന്നിസന് വാർദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു.