ben-

ലണ്ടൻ: വിഖ്യാത ക്രിക്കറ്റ് മാഗസിൻ വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റർ ഒഫ് ദ ഇയറായി ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെയും ആഷസ് പരമ്പരയിലെയും അവിസ്‌മരണീയ പ്രകടനങ്ങളാണ് തുടർച്ചയായ മൂന്ന് വർഷത്തെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ രാജവാഴ്ച അവസാനിപ്പിച്ച് സ്റ്റോക്സിനെ ഇൗ സ്ഥാനത്തെത്തിച്ചത്. ഇൗ വർഷം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുള്ള അവാർഡും സ്റ്റോക്സിനായിരുന്നു.

ലോർഡ്സിൽ ന്യൂസിലാൻഡിനെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ മാൻ ഒഫ് ദ മാച്ചായിരുന്നത് 28കാരനായ സ്റ്റോക്സായിരുന്നു. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 135 റൺസ് നേടി ഇംഗ്ളണ്ടിനെ തോൽവിയിൽ നിന്ന് ഒറ്റയ്ക്ക് കൈപിടിച്ച് വിജയതീരത്തെത്തിക്കുകയും ചെയ്തു.ഏകദിനത്തിലായാലും ടെസ്റ്റിലായാലും അനിഷേധ്യ ശക്തിയാണ് സ്റ്റോക്സെന്ന് വിസ്ഡൻ വിലയിരുത്തി.

ലോകകപ്പിന്റെ സൂപ്പർ ഒാവറിൽ ഇംഗ്ളണ്ടിനായി പന്തെറിഞ്ഞ പേസർ ജൊഫ്ര ആർച്ചറെ വിസ്ഡൻ പോയവർഷത്തെ അഞ്ച് മികച്ച താരങ്ങളിൽ ഉൾപ്പെടുത്തി.ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്, ബാറ്റ്സ്‌മാൻ മാർനസ് ലബുഷാംഗെ,ഒാസീസ് വനിതാ താരം എല്ലിസ് പെറി,ഇംഗ്ളീഷ് കൗണ്ടി ക്ളബ് എസെക്സിന്റെ ഒാഫ്സ്പിന്നർ സൈമൺ ഹാർമർ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. എല്ലിസ് പെറി വനിതകളിലെ ലീഡിംഗ് ക്രിക്കറ്റർ ഒഫ് ദ ഇയർ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.