olymbics

ന്യൂഡൽഹി : അടുത്തവർഷത്തേക്ക് മാറ്റിയ ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യതയ്ക്കായി ഇൗ വർഷം നവംബർ 30 വരെയുളള മത്സരങ്ങൾ പരിഗണിക്കേണ്ടെന്ന ലോക അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം ഇന്ത്യൻ അത്‌ലറ്റിക്സ് താരങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ. ലോക്ക്ഡൗൺ മാറിയാൽ ഇൗ വർഷത്തെ ആഭ്യന്തര ടൂർണമെന്റുകളിൽ നിന്ന് യോഗ്യതനേടാനുള്ള താരങ്ങളുടെ ശ്രമത്തിനാണ് ലോക ഫെഡറേഷൻ തടയിട്ടത്.

ഷോട്ട്പുട്ട് താരം തേജീന്ദർ പാൽ സിംഗ് തൂർ,ജാവലിൻ താരം അന്നുറാണി,ലോംഗ്ജമ്പർ എം.ശ്രീശങ്കർ, സ്പ്രിന്റർ ദ്യുതി ചന്ദ്, മദ്ധ്യദൂര ഒാട്ടക്കാരി ഹിമദാസ് എന്നിവർ ഇനിയും ഒളിമ്പിക് യോഗ്യത നേടിയിട്ടില്ല. ഇപ്പോഴത്തെ ഫോമിൽ മാറ്റിവച്ചിരിക്കുന്ന ഫെഡറേഷൻ കപ്പ് ഉൾപ്പടെയുളള മത്സരങ്ങളിലൂടെ ഇവർക്ക് യോഗ്യത നേടാമായിരുന്നു. എന്നാൽ ഒളിമ്പിക് യോഗ്യതയ്ക്ക് നവംബറിന് ശേഷമുള്ള മത്സരങ്ങളേ പരിഗണിക്കൂ എന്ന നിലപാട് കാരണം ഇവർക്ക് മത്സരക്ഷമത നിലനിറുത്തി കാത്തിരിക്കേണ്ടിവരും.

അതേസമയം ഇതിനകം യോഗ്യതാ നേടിക്കഴിഞ്ഞവർക്ക് ഒളിമ്പിക്സിൽ മത്സരിക്കാമെന്ന് വേൾഡ് അത്‌ലറ്റിക്സ് അറിയിച്ചിട്ടുണ്ട്.