supreme-court

ന്യൂഡൽഹി: കൊവിഡ് പരിശോധനയ്‌ക്ക് സ്വകാര്യ ലാബുകൾ ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്ന് സുപ്രീം കോടതി. രാജ്യത്താകമാനമുള്ള എല്ലാ അംഗീകൃത സ്വകാര്യ ലാബുകൾക്കും പ്രസ്‌തുത ഉത്തരവ് ബാധകമായിരിക്കും. കൊവിഡ് നിർണയ ടെസ്‌റ്റുകൾ സർക്കാർ ലാബുകളിൽ നിലവിൽ സൗജന്യമാണ്. എന്നാൽ എൻ.എ.ബി.എൽ അംഗീകാരമുള്ളതോ ഡബ്ല്യു.എച്ച്.ഒ അല്ലെങ്കിൽ ഐ.സി.എം.ആർ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളിൽ മാത്രമെ കൊവിഡ്19 നിർണയം നടത്താവൂ എന്നും സുപ്രീം കോടതി നിഷ്‌കർഷിച്ചു. പരിശോധന സംബന്ധമായി സ്വകാര്യ ലാബുകൾക്കുണ്ടാകുന്ന ചെലവ് സർക്കാരിൽ നിന്ന് ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ മഹാമാരിയെ ചെറുക്കേണ്ട ഉത്തരവാദിത്തം സ്വകാര്യ ലാബുകാർക്കുണ്ടെന്നും,​ അത് ഒരു മനുഷ്യത്വപരമായ സമീപനമായി കണ്ട് നിറവേറ്റണമെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ,​ എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദിവസേന രാജ്യത്തെ 118 ലാബുകളിലുമായി 15,​000 കൊവിഡ് ടെസ്‌റ്റുകളാണ് നേരത്തെ നടത്തിയിരുന്നത്. എന്നാൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്ന് 47 സ്വകാര്യ ലാബുകൾക്ക് പരിശോധന നടത്തുന്നതിന് അനുമതി നൽകുകയായിരുന്നു. കൊവിഡ് പരിശോധന സൗജന്യമായി നടത്തുന്നതിന് സ്വകാര്യലാബുകൾക്ക് വ്യക്തമായ നിർദേശം നൽകുന്നതിന് കേന്ദ്രസർക്കാരിനെ ചുമതലപെടുത്തണമെന്ന ആവശ്യവുമായി അഭിഭാഷകനായ ശശാങ്ക് ദിയോ സുധയാണ് സുപ്രീം കോടതിയെ സമീപിച്ചത്.