lockdown-

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കണ്ണട ഷോപ്പുകൾക്ക് ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ ഒരു ദിവസം കണ്ണട ഷോപ്പുകൾ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണട ഉപയോ​ഗിക്കുന്നവർക്കായി ഷോപ്പുകൾ തുറക്കാത്തതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് കെ.എസ്.ഇ.ബിക്ക് നൽകുന്ന വാടകയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിലെ വാടക പലിശ ഇല്ലാതെ ജൂൺ 30 വരെ നൽകാം.

കംപ്യൂട്ടർ, സ്‌പെയർപാർട്‌സ്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ എന്നിവയ്ക്ക് ആഴ്ചയിൽ ഒരു ദിവസം തുറന്നു പ്രവർത്തിക്കാൻ ഇന്നലെ അനുമതി നൽകിയിരുന്നു. മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ചയും വർക്ക് ഷോപ്പുകൾക്ക് ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കാം. ഇവയുടെ പ്രവർത്തത്തിനായി ഈ ദിവസങ്ങളിൽ സ്‌പെയർ പാർട്‌സ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

ഇലക്ട്രീഷ്യൻമാർക്ക് റിപ്പയറിംഗിനായി വീടുകളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പോകുന്നതിനും അനുമതിയുണ്ട്. ഫാൻ, എയർ കണ്ടീഷണർ എന്നിവ വിൽക്കുന്ന കടകളും ബാർബർ ഷോപ്പുകളും ഒരു ദിവസം തുറക്കുന്ന കാര്യവും പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.