കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ നിരത്തിൽ ഇങ്ങാത്തതിനാലും വ്യവസായശാലകൾ പ്രവർത്തിക്കാത്തതിനാലും ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് ഏപ്രിലിൽ 40 ശതമാനം ഇടിഞ്ഞേക്കും. മാർച്ചിൽ വില്പന 20 ശതമാനം കുറഞ്ഞിരുന്നു. ഈമാസം മുഴുവൻ ലോക്ക് ഡൗൺ നീണ്ടേക്കുമെന്നാണ് സൂചനകൾ.
ഇന്ധന ഡിമാൻഡ് കുറഞ്ഞതിനാൽ, എണ്ണ വിതരണ കമ്പനികൾ റിഫൈനറി പ്രവർത്തനവും കുറച്ചിട്ടുണ്ട്. ഗ്രോസ് റിഫൈനറിംഗ് മാർജിൻ (ജി.ആർ.എം) ആണ് എണ്ണക്കമ്പനികൾക്ക് പ്രധാനമായും ലാഭം നൽകുന്നത്. ഓരോ ബാരൽ ക്രൂഡോയിലും സംസ്‌കരിച്ച് വിൽക്കുമ്പോൾ കിട്ടുന്ന ലാഭമാണിത്. 2017-18ൽ ശരാശരി 7.2 ഡോളറും 2018-19ൽ 4.2 ഡോളറുമായിരുന്ന മാർജിൻ ഈമാസം 1.3 ഡോളറാണ്.
ജി.ഡി.പി വളർച്ച ഇടിയും,
1.6 ശതമാനത്തിലേക്ക്
ഇന്ത്യയുടെ ജി.ഡി.പി വളർച്ച സംബന്ധിച്ച് ഏറ്റവും മോശം പ്രതീക്ഷയുമായി അമേരിക്കൻ നിക്ഷേപക സ്ഥാപനമായ ഗോൾഡ്മാൻ - സാച്ച്‌സ്. 2020-21ൽ വളർച്ച 1.6 ശതമാനം ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കൊവിഡും ലോക്ക്ഡൗണും മൂലമുള്ള സമ്പദ്‌പ്രതിസന്ധി തന്നെയാണ് തളർച്ച സൃഷ്‌ടിക്കുക.