chikilsa
photo

തൃശൂർ :സംസ്ഥാന സർക്കാരിന്റെ തണലിൽ മുഹമ്മദ് നഹ്യാൻ ചികിത്സ തേടി ചെന്നൈയിലേക്ക് .ഒന്നര വർഷമായി കണ്ണിനെ ബാധിക്കുന്ന അപൂർവരോഗമായ 'റെറ്റിനോ ബ്‌ളാസ്റ്റോമ' എന്ന കാൻസർ മൂലം വിഷമിക്കുന്ന മതിലകം സ്വദേശിയായ രണ്ട് വയസുകാരനാണ് അടിയന്തര ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്.

ലോക്ക് ഡൗൺ കാലത്ത് ചികിത്സയ്ക്ക് പോകാനാകാതെ ബുദ്ധിമുട്ടിയ നഹ്യാന് തുണയായത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കളക്ടറുടെയും അടിയന്തര ഇടപെടൽ. ജില്ലാ ഭരണകൂടം അയച്ച ആധുനിക സൗകര്യങ്ങളുള്ള 108 ആംബുലൻസിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെ മാതാവിനൊപ്പമായിരുന്നു യാത്ര .
മതിലകം കൂളിമുട്ടം സ്വദേശിയായ കണ്ണംകില്ലത്ത് ഫാസിലിന്റെയും ആബിദയുടെയും മകനായ മുഹമ്മദ് നഹ്യാന് ജനിച്ച് നാല് മാസം പ്രായമായപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ അപൂർവ രോഗത്തിന് കേരളത്തിൽ ചികിത്സയില്ല..

തുടർന്നുള്ള അന്വേഷണത്തിലാണ് ചെന്നൈയിലെ ശങ്കര നേത്രാലയ ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് അറിഞ്ഞത്.കഴിഞ്ഞ ഒന്നരവർഷമായി ഇവിടെയാണ് ചികിത്സ. അഞ്ച് മാസമായി ക്രയോ തെറാപ്പി ചികിത്സയും ചെയ്യുന്നുണ്ട്. ഓരോ 21 ദിവസം കൂടുമ്പോഴും ഈ ചികിത്സ ചെയ്യണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ തേടണം. മാർച്ച് 25നു ചികിത്സ കിട്ടേണ്ട ദിവസമായിരുന്നു. 23നാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. മാർച്ച് 24ന് വാളയാർ വരെ എത്തിയെങ്കിലും അതിർത്തി കടത്തി വിട്ടില്ല.

പിന്നീട് കേന്ദ്ര സർക്കാരും ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. ചെന്നൈയിലെ ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ എത്രയും വേഗം എത്തിച്ചേരാൻ ആവശ്യപ്പെട്ടു. കുട്ടികൾക്കായി എമർജൻസി സെക്‌ഷനിൽ ടെസ്റ്റും ചികിത്സയും കൊടുക്കുന്നുണ്ടെന്നും അറിഞ്ഞു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയെ സമീപിച്ചത്. എം.എൽ.എ ഉടൻ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അടിയന്തര നടപടികൾ പൂർത്തിയാക്കി.. . അര മണിക്കൂർ മാത്രമുള്ള ക്രയോ തെറാപ്പി ചെയ്ത് ഇന്ന് മടങ്ങും.