കൊൽക്കത്ത : ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മദ്യത്തിന് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്താൻ പശ്ചിമബംഗാൾ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. എക്സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കൾ ഫോൺ വഴി ബുക്ക് ചെയ്താൽ മദ്യം വീട്ടിലെത്തിച്ചു നൽകുന്നതാണു പുതിയ പദ്ധതി. പൊലീസ് സ്റ്റേഷൻ വഴി റീട്ടെയ്ൽ കച്ചവടക്കാർക്കു ഡെലിവറി നടത്തുന്നതിനുള്ള പാസ് നല്‍കും. രാവിലെ 11നും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ ഉപഭോക്താക്കൾക്ക് മദ്യത്തിനുവേണ്ടി ഷോപ്പുകളെ ബന്ധപ്പെടാം. ദിവസേന രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടയിലാണു മദ്യം വിതരണം ചെയ്യുക. ഒരു ദിവസം ഒരു മദ്യവില്പനശാലയ്ക്കു മൂന്നു ഡെലിവറി പാസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം മദ്യഷോപ്പുകളും അടച്ചിരുന്നു. വ്യാജമദ്യ വില്‍പ്പനക്കു തടയിടാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ കേരളത്തിലും സമാന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം ലഭ്യമാക്കണമെന്ന തീരുമാനവും കോടതി ഉത്തരവിനെതുടർന്ന് നിറുത്തിവച്ചിരുന്നു.