case-diary-

ഗയ: ബീഹാറിൽ കൊവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു.

പഞ്ചാബ് സ്വദേശിയായ യുവതിയെ ഭർത്താവിനൊപ്പമാണ് മാർച്ച് 25ന് ഗയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടർന്നായിരുന്നു ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവർക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടർ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നതിനെത്തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവതി ഡോക്ടർ ലൈംഗികാത്രിക്രമം നടത്തിയതായി വീട്ടുകാരെ അറിയിച്ചിരുന്നു.. പിന്നീട് രക്തസ്രാവം മൂർച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.

സംഭവത്തിൽ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.