suhas-ias

കൊച്ചി: കൊവി‌ഡിന്റെ പശ്ചാത്തലത്തിൽ ഡോക്‌ടറോട് വീടൊഴിയാൻ നിർബന്ധിച്ച റസിഡന്റ്സ് അസോസിയേഷന് മുന്നറിയിപ്പുമായി ജില്ലാ കളക്‌ടർ. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റമുണ്ടായാൽ ഇന്ത്യൻ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് എറണാകുളം കളക്‌ടർ എസ്.സുഹാസ് ഉത്തരവിറക്കി. കൊച്ചിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ജോലി ചെയ്യുന്ന ഡോക്ടറോട് വാടകവീട് ഒഴിഞ്ഞുകൊടുക്കാൻ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ തുടങ്ങിയവർക്കെതിരെ വ്യക്തികൾ, സ്ഥാപനങ്ങൾ, റസിഡന്റസ് അസോസിയേഷനുകൾ, പൊതുസമൂഹം എന്നീ ഏതെങ്കിലും ഇടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാൽ കർശന നടപടിയെടുക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഘട്ടത്തിൽ രാത്രി, പകൽ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് മനസിലാക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകും. ഇത്തരത്തിൽ പരാതികൾ ലഭിച്ചാൽ തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.