ബീജിംഗ്: ലോകത്താദ്യമായി കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാൻ രണ്ടര മാസങ്ങൾക്ക് ശേഷം ഇന്നലെ വീണ്ടും പുറം ലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ടു. 76 ദിവസമായി ബാഹ്യലോകവമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് സമ്പൂർണ ലോക്കൗട്ടിലായിരുന്നു നഗരം. കഴിഞ്ഞ ജനുവരി 23നാണ് വുഹാനിലെ ഒരുകോടിയിൽ പരം ജനങ്ങളെ അതിവേഗം പടർന്ന മാരക വൈറസിൽ നിന്ന് രക്ഷിക്കാൻ വീടുകളിൽ അടച്ചു പൂട്ടിയത്. നിറംകെട്ട് ആഘോഷങ്ങൾ അവസാനിച്ച നഗരത്തിൽ ഈ ദിവസങ്ങളിൽ മൂവായിരത്തിലേറെ മനുഷ്യരാണ് മരിച്ചു വീണത്.
വൈറസിനെ പൂർണമായും നിയന്ത്രിക്കാനായതോടെ ബുധനാഴ്ച രാത്രിയാണ് നഗരം ലോക്കൗട്ട് അവസാനിപ്പിച്ചത്. അതോടെ നഗരത്തിലെങ്ങും ആഘോഷത്തിന്റെ വർണ വിളക്കുകൾ തെളിഞ്ഞു. അംബരചുംബികളായ കെട്ടിടങ്ങൾ ദീപപ്രഭയിൽ മുങ്ങി. നിരത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിര.ഏറ്റവും അടുത്ത പ്രവിശ്യയായ ജിയാങ്സുവിലേക്ക് പോകുന്നവരുടെ തിരക്കായി.
നഗരം വീണ്ടും തുറക്കുന്നത് ആഘോഷമാക്കാൻ അധികാരികൾ തന്നെ മുൻകൈ എടുക്കുകയായിരുന്നു. അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയ കാമ്പെയിൻ തന്നെ നടത്തിയിരുന്നു. ലൈറ്റ് ഷോയും ആസൂത്രണം ചെയ്തു.വിമാനത്താവളവും റെയിൽവേ സ്റ്റേഷനുകളും ബസ് ടെർമിനലുകളും ഫാക്‌ടറികളും
വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. കൂറ്റൻ കെട്ടിടങ്ങളിൽ 'ഹലോ വുഹാൻ ' എന്ന വാക്കുകൾ വർണ ദീപങ്ങളിൽ തെളിഞ്ഞു.
വുഹാനിലെ വിമാനസർവീസുകൾ ഇന്നലെ പുനരാരംഭിച്ചു. ചൈന ഈസ്റ്റേൺ എന്ന എയർലൈൻ കമ്പനിയിൽ ഷാങ്ഹായ്, ഷെൻസെൻ, ഗുവാങ്സു നഗരങ്ങളിലേക്ക് 1600ലേറെ ട്രിപ്പുകൾക്കാണ് ബുക്കിംഗ് ലഭിച്ചത്. അതുപോലെ നഗരത്തിന് പുറത്തേക്കുള്ള ട്രെയിനുകളിൽ 55,000 യാത്രക്കാരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ദീർഘദൂര ബസ് സർവീസുകളിലും ബുക്കിംഗിന്റെ തിരക്കാണ്.
ഏതാനും ആഴ്ചകളായി നഗരത്തിൽ ലോക്ഡൗൺ കുറച്ച് ഇളവ് ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെമുതൽ ആരോഗ്യ വകുപ്പിന്റെ പച്ചക്കാർഡ് ഉള്ളവർക്കെല്ലാം സഞ്ചാരസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മാസങ്ങളായി വഴിയരികിൽ ആളില്ലാതെ പാർക്ക് ചെയ്‌തിരുന്ന കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും ഇന്നലെ വീണ്ടും ജീവൻ വച്ചു
അതേസമയം ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ലോകത്ത് മരണം 85000 കടന്നു, കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 17,127 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. സ്‌പെയിൻ (14,045), ഫ്രാൻസ് (10,328), യുകെ (6,159) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ.
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 14,29,437 ആണ്. 300,767 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,194 ആയി. 149 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാത്രം ആയിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 1,018 ആയി. സംസ്ഥാനത്ത് ഇന്നുമാത്രം 150 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 116 കേസുകളും മുംബൈയിലാണ്. ധാരാവി ചേരിയിൽ ഉൾപ്പെടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ.