ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ വീടിനുള്ളിൽത്തന്നെ അടച്ചിരിപ്പാണ്. ഈ സമയത്ത് ഇഷ്ടമുള്ള ഭക്ഷണം മാത്രം നൽകി അവരെ അടക്കിയിരുത്താൻ നോക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല. സമീകൃതമായ ആഹാരക്രമം ഉറപ്പാക്കുകയാണ് പരിഹാരം. കാർബൊഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്), വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ എന്നിവ കൃത്യമായ അളവിലുള്ളതാണ് സമീകൃതാഹാരം. വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ബുദ്ധിവികാസത്തിനും രോഗപ്രതിരോധത്തിനും അത്യന്തപേക്ഷിതമാണ്. പയർ വർഗങ്ങൾ, ധാന്യങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. പ്രോട്ടീനാണ് ശരീരവളർച്ച ഉറപ്പാക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടിക്ക് വേണ്ടത്ര പ്രോട്ടീൻ ലഭിക്കാൻ പയർ വർഗങ്ങൾ നൽകുക. ഇരുമ്പ് കൂടുതലുള്ള ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, മീൻ, ഇറച്ചി എന്നിവ രക്തക്കുറവും വിളർച്ചയും പരിഹരിക്കും. ഊർജ്ജം ലഭിക്കാൻ കാർബൊഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ധാന്യങ്ങളും കിഴങ്ങുകളും നൽകുക. പാലും പാലുത്പന്നങ്ങളും നൽകി കൊഴുപ്പും ഉറപ്പാക്കാം.